കൊച്ചി- ഇടുക്കി മറയൂരിൽ നിന്ന് ദുബൈയിലേക്കുള്ള ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലപ്‌മെന്റ് അതോറിറ്റി യുടെ (എപിഇഡിഎ) ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വെർചൽ ആയി ഫ്‌ലാഗ് ഓഫ് ചെയ്തു.
അപേഡ ചെയർമാൻ ഡോ. എം അംഗമുത്തു ഐ.എ.എസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കേരളത്തിലെ കാർഷിക ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ്, ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ ഡയറക്ടർ സലിം എംഎ, ഫെയർ എക്‌സ്‌പോർട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ നജിമുദീൻ, മറ്റ് പ്രതിനിധികൾ, അപെഡയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിൽ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശദമായ കർമപദ്ധതി ഉടൻ വികസിപ്പിക്കുമെന്ന് കേരള സർക്കാർ കാർഷിക ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ് വ്യക്തമാക്കി.
ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കര ദുബൈയിലേക് കയറ്റുമതി ചെയുന്നത് ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അനുബന്ധ സ്ഥാപനമാണ് ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
രാസവസ്തുക്കളൊന്നും ചേർക്കാതെ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ശർക്കര. മൊത്തം ലോക ശർക്കര ഉൽപാദനത്തിന്റെ 70% ത്തിലധികം ഇന്ത്യയിലാണ് ചെയ്യുന്നത്.