കോഴിക്കോട് - വെല്ലുവിളിയില്ലാതെ കുതിക്കുന്ന കേരളാ വനിതകൾ അനായാസം സെമി ജയിച്ച് അറുപത്താറാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇടം പിടിച്ചു. തമിഴ്‌നാടിനെ 25-14, 25-17, 25-21 നാണ് കേരളം കീഴടക്കിയത്. റെയിൽവേസും മഹാരാഷ്ട്രയും തമ്മിലുള്ള രണ്ടാം സെമി ഇന്നാണ്. പുരുഷ വിഭാഗത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള സെമിയും ഇന്ന് അരങ്ങേറും. ബുധനാഴ്ചയാണ് വനിതാ ഫൈനൽ.
അഞ്ജു ബാലകൃഷ്ണൻ, ക്യാപ്റ്റൻ അഞ്ജു മോൾ, ശ്രൂതി, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളും സെറ്റർ ജിനിയുടെ എണ്ണം പറഞ്ഞ പ്ലെയ്‌സിംഗുകളും തുടക്കം മുതൽ ലീഡ് നിലനിർത്താൻ ആതിഥേയരെ സഹായിച്ചു. രണ്ടാം സെറ്റിൽ സർവുകൾ തുടരെത്തുടരെ കളഞ്ഞെങ്കിലും പിന്നീട് കേരളം താളം കണ്ടു. അനുശ്രീയുടെ അഞ്ച് സ്മാഷുകളുടെയും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണൻ, ക്യാപ്റ്റൻ അഞ്ജു മോൾ എന്നിവരുടെ സ്മാഷുകളുടെയും മികവിൽ 25-17 ന് കേരളം രണ്ടാം സെറ്റും അനുകൂലമാക്കി.
മൂന്നാം സെറ്റിൽ ആദ്യം മുതൽ തമിഴ്‌നാടിന്റെ ഉയർത്തെഴുന്നേൽപ്പാണ് കണ്ടത്. 6-6, 7-7 ൽ ഒപ്പത്തിനൊപ്പമെത്തിയ ശേഷം കേരളം ചെറിയ മാർജിനിൽ മുന്നേറ്റം തുടർന്നു. 20-18 ൽ എത്തിയ സെറ്റിൽ 25-21 ന് കേരള വനിതകൾ മാച്ച് പോയന്റ് നേടി. തമിഴ്‌നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവർ സ്‌കോർ ചെയ്തു. മൂന്നാം സെറ്റിൽ ഷോട്ട് ബോളിൽ അഞ്ജു ബാലകൃഷ്ണൻ നാല് ഫിനിഷിങ്ങുകൾ ചെയ്തു. അഞ്ജലി ബാബു, രേഖ, അനുശ്രീ എന്നിവർ കേരളത്തിന് വേണ്ടി മൂന്നാം സെറ്റിൽ സ്മാഷുകൾ ഉതിർത്തെങ്കിലും അഞ്ജലിയും അനുശ്രീയും സർവുകൾ പാഴാക്കിയതും കളിക്കാർക്കിടയിലെ ധാരണക്കുറവും തമിഴ്‌നാടിന് അനുഗ്രഹമായി.നിലവിൽ കേരള വനിതകൾ ചാംപ്യൻഷിപ്പിലെ റണ്ണേഴ്‌സ്അപ്പാണ്.