തിരുവനന്തപുരം- ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കുന്നതിലും പരീക്ഷ നടത്തിപ്പില്‍ തീരുമാനമെടുക്കുന്നതിനുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. രാവിലെ 11.30നാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കോവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകനസമിതി യോഗം ചേരുന്നത്. ഒമിക്രോണ്‍ ഭീഷണിയും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്നതിലും തീരുമാനമെടുക്കും.