റിയാദ്- മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആറു മാസത്തിലധികമായി റിയാദ് അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കെ.എം.സി.സി വെൽഫെയർ വിംഗ് ഇടപെട്ട് നാട്ടിലെത്തിച്ചു. തമിഴ്‌നാട് സ്വദേശി ഭരതനെയാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ഇടപെട്ട് സ്‌ട്രെച്ചറിൽ ഹൈദരാബാദ് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. ഇന്ത്യൻ എംബസി, എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമവും ഗുണകരമായി.
ഹൃദയാഘാതത്തെ തുടർന്നാണ് ഭരതന് മസ്തിഷ്‌കാഘാതമുണ്ടായത്. ദമാമിലെ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിലെ ജോലിക്കാരനായിരുന്നു ഭരതൻ. ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്ക് ഉള്ള യാത്രയ്ക്കിടെ ആണ് ഹൃദയാഘാതമുണ്ടായത്.
തുടർന്ന് കുറേ നാളുകൾ കമ്പനി അധികൃതർക്കോ കുടുംബത്തിനോ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അൽ ഈമാൻ ഹോസ്പിറ്റലിലെ നഴ്‌സ്, റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരം എല്ലാവരും അറിയുന്നത്.
തുടർന്ന് ഭരതനെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ആരംഭിച്ചു. ഇഖാമ കാലാവധി അവസാനിച്ചതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ദമാം തർഹീലിൽ നിന്ന് അനുമതിപത്രം അടിച്ചു നൽകി. ചികിത്സാ ചെലവ് ഹോസ്പിറ്റൽ അധികൃതരോട് സംസാരിച്ചതിനെ തുടർന്ന് പൂർണമായും ഒഴിവാക്കിത്തന്നു. ഭീമമായ സംഖ്യ ഒഴിവാക്കി തരാൻ ആശുപത്രി അധികൃതർ സമ്മതിച്ചത് കാരണം നാട്ടിലേക്കുള്ള യാത്ര എളുപ്പത്തിൽ സാധ്യമായി.
എയർ ഇന്ത്യ ഓഫീസർമാരുടെ ആത്മാർഥത നിറഞ്ഞ പിന്തുണ കൊണ്ടാണ് റിയാദ്-ഹൈദരാബാദ് വിമാനത്തിൽ ഒക്‌സിജൻ സംവിധാനത്തോട് കൂടിയുള്ള സ്‌ട്രെച്ചർ അനുമതി ലഭിച്ചത്. തമിഴ്‌നാട് സ്വദേശിയായ യമാമ ഹോസ്പിറ്റലിലെ നഴ്‌സ് സുമതി ഭരതന്റെ കൂടെ യാത്ര ചെയ്യാൻ സന്നദ്ധമായതും അനുഗ്രഹമായി.
ഭരതന്റെ യാത്രയ്ക്ക് വേണ്ടിയുള്ള പേപ്പർ വർക്കുകളും എയർപോർട്ടിൽ അടക്കം ഉള്ള കാര്യങ്ങൾക്കും മഹബൂബിനെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഷഫീഖ് കൂടാളി, നഴ്‌സുമാരായ ജൂലി സിസ്റ്റർ, ബിജി മഹേഷ്, ഷൈനി സിസ്റ്റർ എന്നിവർ സഹായിച്ചു. എംബസി ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ഫൈനൽ എക്‌സിറ്റ് ലഭിച്ചത്.