Sorry, you need to enable JavaScript to visit this website.

പാതി പിന്നിട്ടപ്പോൾ ഹിതപരിശോധന 


32 വർഷത്തിനിടെ നടന്ന കഴിഞ്ഞ ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും 50 സീറ്റുകളിൽ  വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസ് ഇപ്പോൾ വെറും ഒറ്റ സീറ്റിൽ ഒതുങ്ങിയിരിക്കുകയാണ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 28 സീറ്റായിരുന്നു. എന്നാൽ 2017 ആയപ്പോൾ അത് നാലിൽ ഒന്നായി ചുരുങ്ങി ഏഴിൽ എത്തിയിരിക്കുകയാണ്. 

2019 ലാണ് രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും പ്രതിപക്ഷത്തിന് ആൾബലമില്ലാത്ത നിലയായിരുന്നു 2019 മെയ് മാസത്തിൽ. രാഷ്ട്രീയമാണ്,  കാറ്റ് എപ്പോൾ വേണമെങ്കിലും മാറി വീശാം. അതു കഴിഞ്ഞു നടന്ന പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പിക്കെതിരെ വിധിയെഴുതി. പലേടത്തും ബി.ജെ.പിയുടെ ശക്തി  ശോഷിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിൽ വിജയമുറപ്പിച്ച് മോഡിയും അമിത് ഷായും കേന്ദ്ര മന്ത്രിമാരും ദിവസങ്ങളോളം തമ്പടിച്ചു. പലേടത്തും സംഘർഷങ്ങളുണ്ടായി. വർധിത വീര്യത്തോടെ മമത തിരിച്ചെത്തിയപ്പോൾ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയ മുതിർന്ന നേതാക്കൾ അതിലും വേഗത്തിൽ തിരികെയെത്തുന്നതാണ് പിന്നീട് കണ്ടത്. 


102 ലോക്‌സഭാ മണ്ഡലങ്ങളുള്ള അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ സ്വന്തം നയപരിപാടികളിൽ പുനഃപരിശോധന നടത്താനും സ്വയം പുതുക്കിപ്പണിയാനും രാഷ്ട്രീയ പാർട്ടികളെ സഹായിക്കുന്ന ഹിത പരിശോധന. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലും കോൺഗ്രസ് ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബ്, കഴിഞ്ഞ തവണ കോൺഗ്രസ് ഒന്നാമതെത്തിയും ഭരണം ലഭിക്കാതെ പോയ മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലുമാണ് തെരഞ്ഞെടുപ്പ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെന്ന പോലെ കോൺഗ്രസിനും നിർണായകമാണ് നിയമസഭാ വോട്ടെടുപ്പുകൾ. 2019 ൽ മോഡി സർക്കാർ അധികാരത്തിലേറി രണ്ടര വർഷം പിന്നിട്ടപ്പോഴാണ് ഈ റഫറണ്ടം. വലിയ സംസ്ഥാനമായ യു.പിയിൽ കർഷക പ്രക്ഷോഭവും കോവിഡ് വ്യാപനവും ഗംഗയിൽ മൃതദേഹങ്ങൾ തള്ളിയതുമെല്ലാം വോട്ടർമാരെ സ്വാധീനിക്കേണ്ടതാണ്. എന്നാൽ പ്രതിപക്ഷത്ത് ഐക്യമില്ലെന്നത് ഒരു പോരായ്മയാണ്. 


യു.പിയിൽ മത്സര രംഗത്തെ പ്രബലരായി വിലയിരുത്തപ്പെടുന്നത് ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയുമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  വർഗീയ ധ്രുവീകരണ പ്രസ്താവന ഇതിനകം വിവാദമായിട്ടുണ്ട്. എൺപതും ഇരുപതും തമ്മിലുള്ള പോരാട്ടമാണെന്നാണ് മുഖ്യൻ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയെയാണ് അദ്ദേഹം ഇരുപത് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്. ബി.ജെ.പിയെ സഹായിക്കാനെത്തുന്ന ഹൈദരാബാദുകാരൻ ഇതിനെ 19 എന്ന് തിരുത്തുകയും ചെയ്തു. മായാവതിയുടെ ബി.എസ്.പി, പ്രിയങ്ക നയിക്കുന്ന കോൺഗ്രസ് എന്നീ പ്രധാന പാർട്ടികളും മത്സര രംഗത്തുണ്ട്. 35 വർഷത്തെ ചരിത്രത്തിൽ യു.പിയിൽ ഒരേ പാർട്ടി തുടർച്ചയായി അധികാരത്തിലേറിയിട്ടില്ല. മഴവിൽ സഖ്യമുണ്ടാക്കി ഭരണം പിടിക്കുമെന്ന് അഖിലേഷ് യാദവ് അവകാശപ്പെടുന്നതിന്റെ അടിസ്ഥാനവുമിതാണ്. അമ്പലം പണിതും പെയിന്റടിച്ചും ഇടനാഴിയുണ്ടാക്കിയും വോട്ടുറപ്പിക്കാൻ താമര പാർട്ടിയുമുണ്ട്. ഇതിനകം പുറത്തു വന്ന സർവേകളിൽ പലതും ബി.ജെ.പിക്കനുകൂലമാണ്. ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങൾ നടത്തിയതായിരുന്നു അഭിപ്രായ വോട്ടെടുപ്പ്. 


അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണ് പ്രധാനം. തോൽക്കാൻ ബി.ജെ.പി  തയാറല്ല. കോൺഗ്രസ് തിരിച്ചുവരവിനും ശ്രമിക്കുകയാണ്. കോൺഗ്രസ് ജയിച്ചാൽ അത് വലിയ മാറ്റം തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കും.  അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.  19 രാജ്യസഭാ സീറ്റുകളും ഇതോടൊപ്പം ഒഴിവു വരും. മൂന്ന് സംസ്ഥാനങ്ങളിലായാണിത്. അടുത്ത  രാഷ്ട്രപതി തെരഞ്ഞെടുപ്പ്  ജൂലൈ  പകുതിയിലായിരിക്കും നടക്കുക. പുതിയ എം.എൽ.എമാരും എം.പിമാരും രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമാണ്. ഉത്തരാഖണ്ഡിലും യു.പിയിലും ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പ്രാദേശിക പാർട്ടികൾ രാഷ്ട്രപതിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടം ബി.ജെപിക്ക് പ്രധാനമാവുന്നത്.  2017 ൽ ബി.ജെ.പിക്കും എൻ.ഡി.എക്കും യു.പിയിൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നു.  ഉത്തരാഖണ്ഡിലെ 57 സീറ്റും അവർ  നേടിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ യു.പിയിൽ ആര് ജയിക്കുന്നുവോ അതിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. കൂടുതൽ എം.പിമാരും എം.എൽ.എമാരും ഇവിടെ നിന്നാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇവിടെ നിന്നുള്ള വോട്ടുകൾ അത്യാവശ്യമാണ്. നിലവിൽ ബംഗാൾ, തെലങ്കാന, തമിഴ്‌നാട്, ഒറീസ,  ആന്ധ്രപ്രദേശ്, കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ദൽഹി എന്നീ സംസ്ഥാനങ്ങൾ മറ്റു  പാർട്ടികളാണ് ഭരിക്കുന്നത്. ഇവർ ഒരുമിച്ചു നിന്നാൽ പ്രതിപക്ഷത്തിന് അനുകൂലമായി കാര്യങ്ങൾ തിരിക്കാൻ സാധിക്കും. ബി.ജെ.പിക്ക് യു.പി നഷ്ടമാകുക കൂടി ചെയ്താൽ ഇവർ ഒരുമിച്ച് രംഗത്ത് വരാനും സാധ്യതയുണ്ട്. 


കോൺഗ്രസിന്റെ പ്രതാപ കാലത്ത് പാർട്ടിക്ക് കൂടുതൽ ജനപ്രതിനിധികളെ ജയിപ്പിക്കാനായ സംസ്ഥാനമാണ് യു.പി. എന്നാൽ  യു.പിയിൽ 90 കൾക്ക് ശേഷം കാര്യങ്ങൾ അത്ര പന്തിയല്ല. 2019 ഫെബ്രുവരി 4 ന് കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ദേശീയ ശ്രദ്ധ ആകർഷിച്ച ഒരുപാട് ഇടപെടലുകൾ പ്രിയങ്ക നടത്തി.  2020 സെപ്റ്റംബർ 11 മുതൽ ഉത്തർ പ്രദേശിന്റെ മുഴുവൻ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഉന്നാവ്, സോൻഭദ്ര, ഹാഥ്രസ്, ലഖിംപൂർ ഖേരി എന്നീ നാല് സംഭവങ്ങളിലെ ഇടപെടലുകൾ ആണ് പ്രിയങ്കയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. സ്ത്രീകളെയും ആദിവാസികളെയും ദളിതരെയും കർഷകരെയും ഒക്കെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു ഇവ. 
ലഖിംപൂർ ഖേരിയിൽ കർഷകരെ കേന്ദ്ര മന്ത്രിയുടെ മകൻ കാറിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. യോഗിയുടെ യു.പിയിൽ തടവിൽ പാർപ്പിക്കപ്പെട്ട പ്രിയങ്ക അതിഥി മന്ദിരം തൂത്തുവാരിയതൊക്കെ ഹൃദയങ്ങളെ തൊട്ടുണർത്തിയ സംഭവമാണ്. 


കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കാൻ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്  വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഏറ്റവും കുറഞ്ഞത് റായിബറേലി, അമേത്തി എന്നീ ലോക്‌സഭാ മണ്ഡല പരിധിയിലെ നിയമസഭാ സീറ്റുകളിലെങ്കിലും വിജയിച്ച് മാനം കാക്കുക  എന്ന ശ്രമത്തിലാണ് കോൺഗ്രസ്. 
32 വർഷത്തിനിടെ നടന്ന കഴിഞ്ഞ ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും 50 സീറ്റുകളിൽ  വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസ് ഇപ്പോൾ വെറും ഒറ്റ സീറ്റിൽ ഒതുങ്ങിയിരിക്കുകയാണ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് 28 സീറ്റായിരുന്നു. എന്നാൽ 2017 ആയപ്പോൾ അത് നാലിൽ ഒന്നായി ചുരുങ്ങി ഏഴിൽ എത്തിയിരിക്കുകയാണ്. 


2024 ൽ പ്രധാനമന്ത്രി പദത്തിൽ മോഡിയെ കാണണമെങ്കിൽ യു.പിയിൽ ബി.ജെ.പിയെ വീണ്ടും തെരഞ്ഞെടുക്കൂ എന്ന് അമിത് ഷാ പറഞ്ഞതിന് പ്രാധാന്യമേറെയാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് റാലികൾ റദ്ദാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായതിനാൽ അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യത കുറയുമെന്നതാണ് ആശ്വാസം. 

Latest News