റിയാദ് - ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറയാൻ വാക്‌സിനുകൾ സഹായിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ എണ്ണം വർധിച്ചുവരുന്നത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ മുമ്പ് പ്രതിദിന കൊറോണ കേസുകൾ ഇതേപോലെ ഉയർന്ന കാലത്ത് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം പതിനാറിരട്ടി കുറവാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലുള്ള വലിയ അന്തരം സമൂഹത്തിന് സംരക്ഷണം നൽകുന്നതിൽ വാക്‌സിനുകൾക്കുള്ള ഫലസിദ്ധിയാണ് സ്ഥിരീകരിക്കുന്നത്. 2020 ൽ പ്രതിദിന കേസുകൾ ഇത്രയധികമായി ഉയർന്ന കാലത്ത് ഗുരുരതാവസ്ഥയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ആയിരക്കണക്കിന് കൊറോണ രോഗികൾ ചികിത്സയിലായിരുന്നെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കുട്ടികൾക്ക് കൊറോണ വാക്‌സിൻ സുരക്ഷിതമാണെന്ന് പഠനങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും സ്ഥിരീകരിക്കുന്നു. കൊറോണ കുട്ടികളെ ബാധിക്കില്ല എന്ന നിലക്ക് ചിലർ പ്രചരിപ്പിക്കുന്നത് ശരിയല്ല. കുട്ടികൾക്ക് കൊറോണ ബാധിക്കുകയും അവർക്കിടയിൽ ഇത് വ്യാപിക്കുകയും ചെയ്യും. ആശങ്കയുണ്ടാക്കുന്ന ഒമിക്രോൺ വകഭേദം ലോകത്ത് 115 രാജ്യങ്ങളിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.