കൊച്ചി- നടിയെ ആക്രമിച്ച കേസിലെ സാക്ഷികളില്‍ ഒരാളായ യുവനടി അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവം ആത്മഹത്യാ ശ്രമമല്ലെന്ന് വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് കൂടിപ്പോയി എന്നാണ് യുവനടിയുടെ മൊഴി. കേസില്‍ പ്രതി ദിലീപിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ ഈ സംഭവം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രസവാനന്തരമുള്ള മാനസിക പ്രശ്‌നമാണ് ഉറക്കഗുളിക കഴിക്കാന്‍ കാരണമെന്നും ദിലീപ് കേസുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്യുന്നു.
കേസില്‍ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ചൊവ്വാഴ്ച യുവനടിയെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണം ചെയ്തു. കേസില്‍ 20ലേറെ സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്.