കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ എറണാകുളം സി.ജെ.എം കോടതി ചുമതലപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടന്‍ ദിലീപും ബന്ധുക്കളും ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളടക്കമുള്ള തെളിവുകള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി . മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാരിന്റെ പ്രതികരണം.