Sorry, you need to enable JavaScript to visit this website.

ശ്രീദേവിയുടെ മരണം: ആ രാത്രി  ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത്

ദുബായ്- ശൈഖ് സായിദ് റോഡിലെ ജുമൈറ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലില്‍ ശനിയാഴ്ച രാത്രി ഭര്‍ത്താവ് ബോണി കപൂറിനൊപ്പം ഒരു സര്‍പ്രൈസ് അത്താഴ വിരുന്നിനുള്ള ഒരുക്കത്തിലായിരുന്നു മരിക്കുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ മുമ്പുവരെ നടി ശ്രീദേവി. കഴിഞ്ഞയാഴ്ച റാസല്‍ ഖൈമയിലെ ബന്ധുവിന്റെ വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഭര്‍ത്താവ് ബോണി മുംബൈയിലേക്കു തന്നെ തിരിച്ചു പോയിരുന്നു. 
ദുബായില്‍ കഴിഞ്ഞ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് നല്‍കാനാണ് ശനിയാഴ്ച വൈകുന്നേരം 5.30-ന് ബോണി കപൂര്‍ തിരിച്ചെത്തിയതെന്ന് കുടുംബവുമായി അടുപ്പമുള്ള ഒരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നറിയിപ്പില്ലാതെയാണ് ബോണി ശ്രീദേവിയുടെ മുറിയിലെത്തിയത്. ശേഷം 15 മനിറ്റോളം നേരം ഇരുവരും മുറിയില്‍ സംസാരിച്ചിരുന്നു. രാത്രി ഒരുമിച്ച് ഡിന്നര്‍ കഴിക്കാനും തീരുമാനിച്ചു. 

പിന്നീട് അത്താഴ വിരുന്നിനുള്ള ഒരുക്കങ്ങള്‍ക്കായി ബാത്ത്റൂമിലേക്ക് കയറിയതായിരുന്നു ശ്രീദേവി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതോടെ ബോണി വാതില്‍ മുട്ടിവിളിച്ചു നോക്കി. മറുപടി ഇല്ലാതായതോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്തേക്കു കടന്നു നോക്കുമ്പോള്‍ ബാത്ത് ടബിലെ വെള്ളത്തില്‍ ചലനമറ്റുകിടക്കുന്ന ശ്രീദേവിയേയാണ് കണ്ടത്. തട്ടിവിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലാതായതോടെ ബോണി ഒരു സുഹൃത്തിനെ വിവരമറിയിച്ചു. ശേഷം രാത്രി ഒമ്പതു മണിയോടെ പോലീസിനും വിവരം നല്‍കി. 

പോലീസും വൈദ്യസഹായ സംഘവും സ്ഥലത്ത് കുതിച്ചെത്തി പരിശോധിച്ചു. പക്ഷെ മരണം നേരത്ത സംഭവിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഉടന്‍ തന്നെ ഹോട്ടലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി 11 മണിയോടെ ഫോറന്‍സിക് വകുപ്പിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകിയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്്. മൃതദേഹം എംബാം ചെയ്യാന്‍ മുഹൈസ്നയിലേക്ക് മാറ്റി. പോലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്പോര്‍ട്ട് റദ്ദാക്കും. പിന്നീട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും.

 

Latest News