കൊല്ലം - ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ പലയിടത്തും സി.പി. എം - കോൺഗ്രസ് സംഘർഷാവസ്ഥ. ചവറയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച ഔദ്യോഗിക വാഹനം പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. പ്രതിഷേധ പ്രകടനം വരുന്നതിനിടെ എം.പിയുടെ കാർ റോഡിന്റെ വശത്തേക്ക് ഒതുക്കിയെങ്കിലും പ്രവർത്തകർ കൊടി കെട്ടിയ കമ്പുകൾ ഉപയോഗിച്ച് കാറിൽ അടിച്ചതായി പറയുന്നു. പുനലൂരിൽ പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസിന്റെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചു. പൊലിസ് നോക്കി നിൽക്കേയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.