ചക്കരക്കൽ- ഏച്ചൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരേ ആക്രമണം. ഏച്ചൂരിലെ പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന പ്രദീപിനെയാണ് ഒരുസംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ പ്രദീപിന് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ ഭദ്രനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി മഹേഷ്, ഇയാളുടെ സുഹൃത്തുക്കളായ ഏച്ചൂർ സ്വദേശി ഗിരീശൻ, മാച്ചേരി സ്വദേശി സിബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസ് ഇൻസ്‌പെട്കർ സത്യനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്വയം ഗുണ്ടയാണെന്ന് അവകാശപ്പെട്ടെത്തിയ യുവാവും മറ്റുചിലരും ചേർന്നാണ് പ്രദീപിനെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂർ ഭദ്രനെന്നാണ് പേരെന്നും ക്വട്ടേഷൻ ടീമാണെന്നുമാണ് സംഘത്തിലെ പ്രധാനി അവകാശപ്പെടുന്നത്. 'നീ ആരാണെന്ന് വിചാരിച്ചാണ് കളിക്കുന്നത്. എന്റെ പേരെന്താണെന്ന് നിനക്ക് അറിയാമോ, കണ്ണൂർ ഭദ്രൻ. കണ്ണൂർ ഭദ്രനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. പിരിവിന്റെ ഉസ്താദാണ്. ആരായാലും പൈസ പിരിക്കും. മാന്യമായി തൊഴിലെടുക്കുന്ന ആളാണ്. എന്നാൽ ഇങ്ങനത്തെ കേസിൽ ഇടപെടും. എനിക്ക് പോലീസ് കേസ് പുല്ലാണ്. എന്നെ വേണമെങ്കിൽ പോലീസ് പിടിച്ചുകൊണ്ടുപോകും, പക്ഷേ, ഞാൻ ഇറങ്ങുകയും ചെയ്യും'- എന്നും വീഡിയോയിൽ പറയുന്നുണ്ട്.
ശനിയാഴ്ച രാത്രി 10 മണിയോടെ പെട്രോൾ പമ്പിലെത്തിയ സംഘം സ്വത്ത് വിൽപ്പനയുമായ് ബന്ധപ്പെട്ട തർക്കത്തിൽ പ്രദീപനെ അക്രമിക്കുകയായിരുന്നു. കമ്മീഷനായി പ്രദീപൻ നൽകാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയായിരുന്നു തർക്കം. പണം കിട്ടാനുള്ള ഏച്ചൂർ സ്വദേശി കണ്ണൂർ ഭദ്രന് ക്വട്ടേഷൻ നൽകുകയായിരുന്നു. പമ്പ് ജീവനക്കാരനെ ആക്രമിച്ചതിന് കാരണം സ്വത്ത് വീതംവെച്ചതിന്റെ പണമിടപാട് സംബന്ധിച്ച തർക്കത്തെതുടർന്നാണെന്ന് പോലീസ് പറഞ്ഞു.
പണം നൽകാത്തതിന് പ്രദീപിനെ ഭയപ്പെടുത്താനാണ് സംഘം പെട്രോൾ പമ്പിൽ എത്തിയത്. തുടർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ പെട്രോൾ പമ്പ് മാനേജർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരുന്നത്. അക്രമത്തിന്റെ ദൃശ്യം പമ്പിൽ സംഭവസമയം ഉണ്ടായിരുന്ന ഒരാൾ മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.