റിയാദ് - രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതായി സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് ഡോ. മുവഫഖ് ഹരീരി വെളിപ്പെടുത്തി. പൊതുവിദ്യാഭ്യാസ മേഖലക്കൊപ്പം സ്വകാര്യ വിദ്യാഭ്യാസ മേഖലയും പ്രധാനമാണ്. കൊറോണ മഹാമാരിക്കു മുമ്പു തന്നെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികൾ കൊഴിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. കൊറോണ മഹാമാരി വ്യാപനത്തിനു ശേഷം കൊഴിഞ്ഞുപോക്ക് വർധിച്ചു. സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് പല കാരണങ്ങളുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.
അഞ്ചു വർഷത്തിനിടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് രണ്ടര ലക്ഷത്തിലേറെ വിദ്യാർഥികൾ കൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ് കണക്ക്. ഈ വർഷാവസാനത്തോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളുടെ എണ്ണം അഞ്ചു ലക്ഷമായി ഉയർന്നേക്കുമെന്നും ഡോ. മുവഫഖ് ഹരീരി പറഞ്ഞു.
ആശ്രിത ലെവി നടപ്പാക്കിയതിന്റെയും ലെവി ഉയർത്തിയതിന്റെയും ഫലമായി ചെലവുകൾ താങ്ങാൻ കഴിയാതെ പതിനായിരിക്കണക്കിന് വിദേശികൾ കുടുംബങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചത് സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയാൻ ഇടയാക്കി. മൂല്യവർധിത നികുതിയും സൗദിവൽക്കരണ വ്യവസ്ഥകളും സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തന ചെലവും തത്ഫലമായി ട്യൂഷൻ ഫീസും ഉയരുന്നതിലേക്ക് നയിച്ചു. കൊറോണ മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും സമൂഹത്തിൽ നല്ലൊരു വിഭാഗത്തെയും ബാധിച്ചു. കൊറോണ കാലത്ത് ഓൺലൈൻ രീതിയിലാണ് സ്‌കൂളുകളിൽ പഠനം നടന്നത്. ഓൺലൈൻ ക്ലാസുകൾക്ക് ഭീമമായ ട്യൂഷൻ ഫീസ് നൽകുന്നത് പല രക്ഷകർത്താക്കൾക്കും സ്വീകാര്യമായിരുന്നില്ല. ഇതിന്റെയെല്ലാം ഫലമായി സ്വദേശികൾ അടക്കമുള്ളവർ തങ്ങളുടെ മക്കളെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റിച്ചേർത്തു. പ്രതിസന്ധികൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ നിരവധി സ്വകാര്യ സ്‌കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ശേഷിക്കുന്ന സ്‌കൂളുകളും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.