അവസാനിക്കാത്ത പരമ്പരകളിൽ നിന്ന് മോചനം തേടിയാണ് വലിയ വിഭാഗം പ്രേക്ഷകർ ടി.വി ചാനലുകളിലെ അന്തി ചർച്ച ശ്രവിക്കാൻ ഇരുന്ന് തുടങ്ങിയത്. ഒരേ സമയം പല ചാനലുകളിലും ഡബിൾ, ട്രിപ്പിൾ റോൾ താരങ്ങളെ കണ്ടാലും അദ്ഭുതപ്പെടാതെ കാണികൾ കണ്ട് രസിച്ചു. സിനിമയിൽ സാമൂഹ്യ ദ്രോഹിയെ നായകൻ ഇടിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ. ഏതാണ്ട് അതേ വികാരം ചില രാഷ്ട്രീയ നേതാക്കളെ തെറി വിളിക്കുമ്പോഴും ശ്രോതാക്കൾ അനുഭവിച്ചു തുടങ്ങി. സംഗതി ഇങ്ങിനെയൊക്കെയെങ്കിലും അരസികന്മാരും അസഹിഷ്ണുക്കളുമായ പാനലിസ്റ്റുകളുടെ പതിവ് സാന്നിധ്യം കാണികളെ അകറ്റുന്നുണ്ടോയെന്നറിയാൻ ടി.വി സ്റ്റേഷൻ ഉടമകൾ സർവേ നടത്തുന്നത് നല്ലതായിരിക്കും. സത്യൻ അന്തിക്കാട് ചിത്രമായ ഇന്ത്യൻ പ്രണയ കഥയിൽ ഇന്നസെന്റിന്റെ കഥാപാത്രം ന്യൂസ് അവർ ചർച്ചയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സഹായിയോട് ഇന്നെന്താ വിഷയം ആളോഗ താപനം, ഓ.കെ. കാര്യം എന്തായാലും നമ്മുടെ താൽപര്യമല്ലേ. അവരുടെ വണ്ടിയ്ക്ക് കാത്തു നിൽക്കേണ്ട. നമുക്കങ്ങ് പോകാം. വിവരക്കേട് അലങ്കാരമായി നിൽക്കുമ്പോഴും ചാനൽ ചർച്ചകളിൽ പിടിച്ചു നിൽക്കുന്നതിന്റെ സൂത്രം ചാലക്കുടി എം.പി വിവരിക്കുന്നുണ്ട്. ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾ ചെളി വാരിയെറുന്നത് അരോചകമാവുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഏഷ്യാനെറ്റിൽ ടി.പി ശ്രീനിവാസൻ അവതരിപ്പിക്കുന്ന വിദേശ വിചാരം. മാലദ്വീപിൽ പ്രശ്‌നമുണ്ടായ വാരത്തിൽ വിഷയത്തെ കുറിച്ച് സംസാരിക്കാൻ തെരഞ്ഞെടുത്തത് ചെന്നൈയിലെ സബ്ജക്റ്റ് എക്‌സ്‌പെർട്ട് സത്യമൂർത്തിയെ. ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയ അദ്ദേഹം ഏറെക്കാലം ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗത്തെ നയിച്ചു. പിന്നിട്ട വാരത്തിൽ വിദേശ വിചാരം ചർച്ച ചെയ്തത് പ്രധാനമന്ത്രി മോഡിയുടെ ഗൾഫ് സന്ദർശനമാണ്. ഇതിൽ പങ്കെടുത്ത ഒരു മുൻ ഡിപ്ലോമാറ്റ് പാലസ്റ്റൈൻ എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. മിക്ക മലയാള പത്രങ്ങളും പലസ്തീൻ എന്നും ചിലർ ഫലസ്തീൻ എന്നും വിളിക്കുന്ന പ്രദേശത്തിന്റെ യഥാർഥ പേരെന്താണാവോ?
*** *** ***
ഉലക നായകൻ കമൽ ഹാസൻ മധുരയിൽ പുതിയ പാർട്ടി പ്രഖ്യാപനം നടത്തി. മക്കൾ നീതി മയ്യം എന്നാണ് കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്. രാമശ്വേരത്ത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വസതിയിൽ നിന്നാരംഭിച്ച പര്യടനത്തിനു ശേഷമാണ് കമൽ പാർട്ടിപ്രഖ്യാപനം നടത്തിയത്. ജന നീതി കേന്ദ്രം എന്ന് അർഥം വരുന്നതാണ് മക്കൾ നീതി മയ്യം. ഇത്രയും കാലം ജീവിച്ചിട്ട് സമൂഹത്തിന് ഒന്നും ചെയ്യാനായില്ലെന്ന വിഷമമുള്ളതിനാലാണ് കമൽ പുതിയ പാർട്ടിയുമായി രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മലയാളികൾ പുതിയ പാർട്ടിയെയും വെറുതെ വിട്ടില്ല. ഭാര്യമാരെ വേണ്ട വിധം സംരക്ഷിക്കാത്ത ഇദ്ദേഹമാണോ മക്കളെ സംരക്ഷിക്കുകയെന്നായിരുന്നു ഒരു വിരുതന്റെ ചോദ്യം. ഗൗതമി ഉൾപ്പെടെ കമലിന്റെ ജീവിത പങ്കാളികളായിരുന്ന വനിതകളുടെ കാര്യം പരാമർശിക്കുന്നുണ്ട്. മക്കൾ എന്ന തമിഴ് വാക്കിന്റെ അർഥമറിയാത്തതാണ് ആദ്യ പ്രശ്‌നം. ഈ പറഞ്ഞ മഹിളകൾക്കൊന്നും ഉലകനായകനെ കുറിച്ച് പരാതി ഇല്ലെന്നാണറിവ്. സരിക അഫയറിന്റെ കാലം മുതൽ കമലിന്റെ സത്യസന്ധത സിനിമാ പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തതുമാണല്ലോ. ഇടതുപക്ഷ ചിന്തകൻ കണ്ടെത്തിയ കുഴപ്പം മയ്യം എന്ന വാക്കിലാണ്. സെന്റർ എന്നാണ് ഉദ്ദേശിച്ചത്. അതിനർഥം പുതിയ പാർട്ടി ഇടതിനും വലതിനും മധ്യത്തിലായിരിക്കുമെന്നാണെന്ന് ആശങ്കപ്പെടുന്നു.
*** *** ***
മാധവിക്കുട്ടിയുടെ കഥ പ്രതീക്ഷിച്ച് കൊട്ടകയിൽ ആമി കാണാനെത്തിയവർ നിരാശപ്പെട്ടിരിക്കുമ്പോഴാണ് മികച്ച ഫുട്‌ബോളറായ വി.പി സത്യന്റെ കഥയുമായി ക്യാപ്റ്റൻ തിയേറ്ററുകളിലെത്തിയത്. മനപ്പൂർവം വരുത്തിയ ഫൗൾ എന്ന പോലെയാണ് വി.പി. സത്യൻ എന്ന ഫുട്‌ബോളർ ഒരു വ്യാഴവട്ടം മുമ്പ് ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി ജീവിതത്തിൽ സെൽഫ് ഗോൾ അടിച്ചത്. ഇന്ത്യൻ ക്യാപ്റ്റനിൽനിന്ന് വിഷാദത്തിലേക്കുള്ള സത്യന്റെ കീഴടങ്ങൽ സംഭവിച്ചത് എങ്ങനെയാണ്? ഇതാണ് കാൽപന്തുകളിയുടെ മലയാളി നൊസ്റ്റാൾജിയയോടെ പ്രജേഷ് സെന്നും സംഘവും അവതരിപ്പിച്ചത്. ജയസൂര്യയുടെ ഗംഭീരമായ പ്രകടനങ്ങൾ ഈ സിനിമയെ വേറിട്ടതാക്കുന്നു. സത്യന്റെ കളിജീവിതത്തിലെന്നപോലെ സ്വകാര്യജീവിതത്തെയും അടുത്തറിയാൻ സിനിമയ്ക്ക് സാധിച്ചു. സത്യന്റെ ഭാര്യ അനിതയായി വേഷമിട്ടത് അനു സിത്താരയാണ്. അനുവിന്റെ കരിയറിൽ ഇതുവരെയുള്ള ഏറ്റവും നല്ല പ്രകടമായി ഇത്. കമലും മഞ്ജു വാരിയരും ഈ സിനിമ കണ്ട് മനസ്സിലാക്കണമെന്ന് വരെ ഫേസ്ബുക്ക് പോസ്റ്റുകളുണ്ടായി. റിപ്പോർട്ടർ ടിവിയിലെ മീറ്റ് ദ എഡിറ്റേഴ്‌സിൽ ജയസൂര്യയായിരുന്നു അതിഥി. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും ഡോക്ടറോ എൻജിനിയറോ ആകാൻ കൊതിച്ചിട്ടില്ലാത്ത, സിനിമ അഭിനിവേശമായി കൊണ്ടുനടക്കുന്ന ആളാണ് താനെന്ന് ജയസൂര്യ അഭിമുഖത്തിൽ പറഞ്ഞു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ടായിരുന്നു. സത്യേട്ടന്റെ കഥപാത്രം കണ്ണൂർ ഭാഷ സംസാരിക്കുന്നുവെന്ന് ഓരോ ഷോട്ടിലും ഉറപ്പ് വരുത്തണം. കോഴിക്കോട്-കണ്ണൂർ ജില്ലകൾ അതിർത്തി പങ്കിടുന്ന മേക്കുന്നിലാണ് സത്യന്റെ വീട്. നാദാപുരത്തെ സംസാര രീതിയ്ക്കാണ് കൂടുതൽ സ്വാധീനം. കുഞ്ഞനന്തന്റെ കട, തട്ടത്തിൻ മറയത്ത് എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് കണ്ണൂർ ഡയലക്റ്റാണെങ്കിലും വ്യത്യാസമുണ്ട്. ഇതെന്തെന്ന് മനസ്സിലാക്കാൻ ആദാമിന്റെ മകൻ അബുവിന്റെ സംവിധായകൻ സലിം അഹമ്മദിനെ കണ്ടാൽ മതി.
*** *** ***
അധോലോകവും കള്ളക്കടത്തും നടത്തി കഷ്ടപ്പെട്ട നേരത്ത് ഏതെങ്കിലും ബാങ്കിനെ വെട്ടിച്ച് കോടികളുമായി മുങ്ങിയാൽ മതിയായിരുന്നുവെന്ന ദാവൂദ് സായിപ്പിന്റെ വിലാപം ട്രോളുകളായി പ്രചരിക്കുന്നു. അപ്പോഴാണ് സുപ്രീം കോടതിയുടെ വക ഒരു തമാശ. നീരവ് മോഡി പഞ്ചാബ് നാഷണൽ ബാങ്കിൽ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവം പരാമർശിച്ചായിരുന്നു സുപ്രീംകോടതി തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മറ്റൊരു കേസിന്റെ വാദത്തിൽ ബംഗളൂരുവിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെ ഇയാളും ബാങ്ക് തട്ടിപ്പുകാരെ പോലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ചേർന്നോ എന്നായിരുന്നു കോടതിയുടെ രസകരമായ പരാമർശം. മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ പ്രതി എവിടെയാണെന്ന് ചോദിച്ചപ്പോൾ വിദേശത്താണെന്ന് അഭിഭാഷകൻ പറഞ്ഞതാണ് കോടതിയെ ചിരിപ്പിച്ചത്.
നീരവുമായുള്ള ഇടപാട് നല്ലതിനല്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് കളിക്കാരൻ വിരാട് കൊഹ്‌ലിയും തിരിച്ചറിഞ്ഞിരിക്കുന്നു. അവർക്ക് നല്ലത്.
*** *** ***
അഡാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകമെമ്പാടും ഫാൻസിനെ സ്വന്തമാക്കിയ നടിയാണ് പ്രിയ വാര്യർ. കണ്ണിറുക്കി പെൺകുട്ടി എന്നാണ് മലയാളികൾ ഇപ്പോൾ പ്രിയയെ സ്‌നേഹത്തോടെ വിളിക്കുന്നത്. പാട്ടിനെതിരെ കേസടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വിധി വന്ന ദിവസവും പ്രമുഖ ദേശീയ ചാനൽ എൻഡിടിവിയുടെ ന്യൂസ് നൈറ്റിൽ പ്രിയ വാര്യരായിരുന്നു അതിഥി. ഏറെ ആഹ്ലാദവതിയായി കോവളം ബീച്ചിലൂടെ നടന്നു നീങ്ങിയ പെൺകുട്ടി തന്റെ റോൾ മോഡൽ ദീപികാ പദുകോണാണെന്ന് പറഞ്ഞു. അവതാരക ഉന്നയിച്ച ചോദ്യങ്ങൾക്കല്ല മറുപടിയെങ്കിലും മനോഹരമായി ഒഴുക്കോടെ ഇംഗ്‌ളീഷിൽ ഉത്തരം നൽകി. എൻടിഡിവിയുടെ ഫേസ് ബുക്ക് പേജിലെ ചില കമന്റുകളിൽ ദക്ഷിണേന്ത്യക്കാരോടുള്ള പുഛവും പ്രകടമായിരുന്നു. ഒമർ ലുലുവിന്റെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആകാൻ വേണ്ടി ഓഡിഷന് എത്തിയ ആളായിരുന്നു പ്രിയ പ്രകാശ് വാര്യർ. അവിടെ നിന്നാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്.
തെലുങ്ക് മാധ്യമങ്ങളിൽ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രിയ വാര്യർ. ഒരു സിനിമക്ക് വേണ്ടി രണ്ട് കോടി രൂപ പ്രിയ പ്രതിഫലം ആയി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
*** *** ***
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് അരങ്ങേറിയതെന്ന് മാതൃഭൂമി ന്യൂസിന്റെ ബുള്ളറ്റിനിൽ. ബ്രാഡി ഹൗസ് മതി. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലാണ് കൈരളി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് സമ്മേളനത്തിലേക്കുള്ള കൊടിമര ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചതിനെ കുറിച്ചായിരുന്നു വാർത്ത. ന്യൂസ് റീഡർ വായിച്ചതിങ്ങനെ- വടകരയ്ക്കടുത്തുള്ള ചേറാട് ഓവർബ്രിഡ്ജിൽ നിന്നാണ് പതാക ജാഥ ഇന്ന് പ്രയാണം തുടങ്ങിയത്. ലേഖകന്റെ വോയ്‌സ് ഓവറിൽ ചോറോട് എന്നു കൃത്യമായി പറയുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ എക്‌സ്‌ക്ലൂസീവായി ഒരു എം.എൽ.എ ബന്ധുവിന്റെ എമിറേറ്റ്‌സിലെ തട്ടിപ്പ് സംബന്ധിച്ച വാർത്തയുണ്ട്. ബൊളീവിയയിലെ കാടുകളിൽ നിന്ന് പാർട്ടി നേതാവിന്റെ മകൻ ഫേസ്ബുക്ക് ലൈവിൽ വന്നത് പോലെ എം.എൽ.എ നേരിട്ടെത്തി വിശദീകരിച്ചാൽ ഇതും കെട്ടടങ്ങുമായിരിക്കും.