Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു സോഷ്യലിസ്റ്റ്  നേതാവിന്റെ  ജീവിതകഥ  

ആദർശത്തിന്റെ ആൾരൂപമായി വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന പി. വിശ്വംഭരന്റേത്. തിരുവനന്തപുരത്തെ ഗാന്ധിഭവനിൽ അദ്ദേഹം വിളിച്ചുചേർത്തിരുന്ന ചില യോഗങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ ഭാരവാഹിയെന്നനിലയിൽ മാധ്യമപ്രവർത്തകരുടെ അവകാശപോരാട്ടത്തിന്റെ ഭാഗമായും പി. വിശ്വംഭരൻ എന്ന മനുഷ്യസ്‌നേഹിയുമായി ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. പരിചയപ്പെടുന്ന ആരിലും സൗമ്യതയും ആദർശനഷ്ഠയും സന്നിവേശിപ്പിക്കാൻ കഴിവുള്ള ആപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹമെന്നെനിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടം ഭാരതത്തിന് സംഭാവന ചെയ്ത മഹാരഥന്മാരുടെ കൂട്ടത്തിലെ അവസാനത്തെ കണ്ണികളിലൊരാളായിരുന്നു അദ്ദേഹമെന്ന് പറയാം. 
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അജിത് വെണ്ണിയൂർ എഴുതിയ 'പി.വിശ്വംഭരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ്' എന്ന ഗ്രന്ഥം പി. വിശ്വംഭരൻ എന്ന വ്യക്തിയെ മനസിലാക്കുന്നതിനും ആകാലഘട്ടത്തിന്റെ നേർചിത്രം കാണിച്ചുതരുന്നതിനും സഹായകരമാണ്. ആദർശജീവിതം സമൂഹത്തിൽനിന്ന് ചോർന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ഗ്രന്ഥം പുറത്തിറങ്ങിയില്ലായിരുന്നുവെങ്കിൽ പി. വിശ്വംഭരന്റെ സേവനങ്ങൾ വിസ്മരിക്കപ്പെട്ടുപോകുമായിരുന്നുവെന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ട് തന്നെ അജിത് വെണ്ണിയൂരിന്റെ ഈ സദ്പ്രവൃത്തിയുടെ സുഗന്ധം വരും തലമുറയിലേക്ക് കൂടി പരക്കുമെന്നുറപ്പിക്കാം.
എം.എൽ.എ, എം.പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അധികാരത്തിന്റെ ഉന്നസ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടയൊരാളായിരുന്നില്ല പി. വിശ്വംഭരൻ. 
ഇന്ത്യ സ്വതന്ത്രമായപ്പോൾ എനിക്കെന്തുകിട്ടുമെന്ന് വിളിച്ചുചോദിച്ചുകൊണ്ട് മിക്കവരും അധികാരത്തിനൊപ്പം പോയപ്പോൾ അതിന്റെ എതിർദിശയിൽ സാമാന്യജനത്തിനൊപ്പം ചേർന്നയാളായിരുന്നുവല്ലോ ഗാന്ധി. അവരുടെ കണ്ണീരൊപ്പാനായിരുന്നു അദ്ദേഹം വെമ്പൽകൊണ്ടത്. മഹാത്മാഗാന്ധിയെ രാഷ്ട്രീയഗുരുവായി സ്വീകരിച്ച പി. വിശ്വംഭരന്റെ വഴിയും ഗാന്ധിതെരഞ്ഞെടുത്ത വഴിതന്നെയാവുകസ്വാഭാവികം മാത്രം. നെഹ്‌റുവിന്റെ മന്ത്രിസഭയിൽ ജയപ്രകാശ് നാരായണനെ കാണാത്തതുപോലെ കേരളത്തിലെ ഒരു മന്ത്രിസഭയിലും പി. വിശ്വംഭരന്റെ പേരും കാണാനാവില്ല. എന്നാൽ സോഷ്യലിസത്തെ കച്ചവടച്ചരക്കാക്കിയ പലരെയും അവിടെകാണാൻ കഴിയുകയും ചെയ്യും. കേരളത്തിലെ ജയപ്രകാശ് നാരായണനാണ് പി. വിശ്വംഭരനെന്ന് വിളിച്ചാലത് അധികമാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. 
'ജനങ്ങളുടെ കണ്ണിലുണ്ണികളും കളങ്കരഹിതരുമായ മാർഗദർശികൾ തഴയപ്പെടുമ്പോൾ കാപട്യം കരുവാക്കിയ കുബുദ്ധികൾ മുന്നേറുന്നു'  എന്ന് പ്രശസ്തമാധ്യമപ്രവർത്തകനായ ടി.ജെ.എസ്.ജോർജ്ജ് ഈ പുസ്തകത്തിന്റ അവതാരികയിൽ എഴുതിയകാര്യം പി. വിശ്വംഭരന്റെ കാര്യത്തിലും ശരിയാണ്. 'തുടക്കത്തിൽ സ്വീകരിച്ച ധർമബോധം അന്ത്യംവരെ കൊണ്ടുനടന്ന ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു വിശ്വംഭരൻ. സോഷ്യലിസത്തിൽ ആരംഭിച്ച് സോഷ്യലിസത്തിൽ അവസാനിച്ച അചഞ്ചലവിശ്വാസി' ടി.ജെ.എസിന്റെ പി. വിശ്വംഭരനെസംബന്ധിച്ച നിരീക്ഷണം നൂറ് ശതമാനം ശരിയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ആരും സമ്മതിക്കും.
സാമൂഹ്യ അസമത്വത്തിന്റെ തീക്ഷ്ണത ഗാന്ധി നേരിട്ടനുഭവിച്ചത് തന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്താണ്. വെള്ളക്കാരോടൊപ്പം ട്രയിനിൽ സഞ്ചരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ട്രയിനിൽനിന്ന് ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്തു. ഗാന്ധിയുടെ ജീവിതചിന്തയെ മാറ്റിമറിച്ചസംഭവമാണത്. വർണ്ണവെറിക്കെതിരെയുള്ള പോരാട്ടം ഗാന്ധിതുടങ്ങുന്നതവിടെവച്ചാണ്. ഇതേപോലെയൊരു സംഭവമാണ് പി.വിശ്വഭരനെയും ജാതിക്കും മതത്തിനും അതീതമായി ഒരു സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പെടുക്കണമെന്ന ചിന്തയിലേക്ക് നയിച്ചത്. കുട്ടിക്കാലത്ത് പള്ളിക്കൂടത്തിനടുത്തുള്ള ഒരു നായർ ഭവനത്തിൽ വെള്ളം കുടിക്കാൻ പോയപ്പോൾ കിണറ്റിൽ തൊട്ടതിന് കൂട്ടുകാരുടെ മുന്നിൽവെച്ച് അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. ജാതിശ്രേണിയിൽ നായർക്ക് തൊട്ടുതാഴെയാണ് വിശ്വംഭരൻ എന്ന കുട്ടി ജനിച്ച ഈഴവ ജാതി. ഇതാണ് ആക്ഷേപത്തിന് കാരണം. ഈ സംഭവം വീട്ടിലറിഞ്ഞപ്പോൾ തങ്ങളുടെ കിണർ ഈഴവർക്ക് താഴെയുള്ള ജാതിക്കാർക്കായി തുറന്ന് കൊടുത്തുകൊണ്ടാണ് വിശ്വംഭരന്റെ അച്ഛൻ അതിനോട് പ്രതികരിച്ചത്. തങ്ങളേക്കാൾ താണജാതിക്കാരുടെ ദുഃഖം എത്ര വലുതായിരിക്കുമെന്ന് മനസിലാക്കാൻ വിശ്വംഭരനും അദ്ദേഹത്തിന്റെ അച്ഛനും അതോടെ മനസിലായി. കിണർ താണജാതിക്കാർക്കായി തുറന്നത് അക്കാലത്ത് വലിയ വിപ്ലവം തന്നെയായിരുന്നു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് അജിത് വെണ്ണിയൂർ പി. വിശ്വംഭരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ.
പി. വിശ്വംഭരന്റെ വാക്കുകൾ നോക്കുക.
'കീഴ്ജാതിക്കാരന്റെ വികാരം എന്താണെന്ന് എന്നെ പഠിപ്പിച്ചത് ആ തിക്താനുഭവമാണ്. അതാണ് ആദ്യമായി എന്നിൽ അനീതിക്കും അസമത്വത്തിനുമെതിരായ ചിന്തകൾക്ക് തിരികൊളുത്തിയത്. പിൽക്കാലത്ത് അയിത്തത്തിനെതിരായ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതും. കോവളം പ്രദേശത്ത് അതുവരെ നിലനിന്ന ഉച്ചനീചത്വത്തിന് അന്ത്യം കുറിച്ച ആദ്യകുടുംബം തന്റേതാണ്'
അനീതിയുള്ളിടത്തെല്ലാം പി.വിശ്വംഭരൻ അതിനെതിരെ പോരാടി. ഇതാവാം സ്വന്തം പാർട്ടിയിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കാൻ കാരണമായത്. പത്രപ്രവർത്തനം പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് നിലനിന്നത്. എന്നാൽ പലതരത്തിലുള്ള അവഗണനയും സാമ്പത്തികപരാധീനതയും ഈ വിഭാഗക്കാർക്ക് നേരിടേണ്ടിവരുന്നുവെന്ന് പി. വിശ്വംഭരൻ പത്രപ്രവർത്തനത്തിൽ മുഴുകിയപ്പോൾ മനസിലാക്കി. പത്രപ്രവർത്തകർക്ക് മിനിമം ശമ്പളവും പ്രൊവിഡണ്ട് ഫണ്ടും വേജ് ബോർഡും ഉണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് മാറ്റം വരുത്താൻ രാജ്യത്ത് ആദ്യമായി പത്രപ്രവർത്തകർക്ക് ഒരു സംഘടനയുണ്ടാക്കിയതിൽ മുൻകൈയ്യെടുത്തത് പി.വിശ്വംഭരനായിരുന്നു. പൊതുജനം കാർത്തികേയൻ പ്രസിഡന്റും പി.വിശ്വംഭരൻ സെക്രട്ടറിയുമായ തിരു-കൊച്ചി ജേണലിസ്റ്റ്‌സ് യൂണിയൻ അങ്ങനെയാണ് നിലവിൽവന്നത്. കേരളം രൂപീകരിച്ചതോടെ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റായി അത് ട്രേഡ് യൂണിയൻ നിയമമനുസരിച്ചാണ് യൂണിയൻ രജിസ്റ്റർ ചെയ്തത്. വിവിധ തൊഴിൽ മേഖലയിൽ പി.വിശ്വംഭരൻ ഇത്തരത്തിൽ സംഘടനകൾ ഉണ്ടാക്കിയിട്ടുണ്ട്.
പി.വിശ്വംഭരന്റെ നിര്യാണത്തെതുടർന്ന് കേസരിസ്മാരകട്രസ്റ്റ് പ്രസിഡന്റിന്റെ ചുമതല ഞാൻ വഹിക്കുമ്പോൾ വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ചുകൊണ്ട് അനുശോചനയോഗം ചേർന്നതും ഓർത്തുപോകുന്നു. പി. വിശ്വംഭരൻ എന്ന ചരിത്രപുരുഷനെ മനസിലാക്കാൻ ഈ പുസ്തകം വലിയതോതിൽ സഹായിക്കും. 

പി. വിശ്വംഭരൻ 
ഗാന്ധിയൻ സോഷ്യലിസ്റ്റ്
അജിത് വെണ്ണിയൂർ
വില 200 രൂപ
കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്
തിരുവനന്തപുരം

Latest News