കല്‍പറ്റ-വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കാര്‍ഷികവിളകള്‍ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധി എം. പിയുടെ 2022ലെ കലണ്ടര്‍. കഴിഞ്ഞവര്‍ഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയാണ് കലണ്ടര്‍ പുറത്തിറക്കിയത്. ഇക്കുറി നമ്മുടെ നാട്, നമ്മുടെ വിള എന്ന ആശയത്തിലൂന്നിയാണ് കലണ്ടര്‍ തയാറാക്കിയത്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് കലണ്ടറിലെ താളുകളുടെ ക്രമീകരണം. ഒരോ വിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും കലണ്ടറിലെ വിള ചിത്രങ്ങള്‍ വയനാടന്‍ ജനതയ്ക്കുള്ള സമര്‍പ്പണമാണെന്നും രാഹുല്‍ഗാന്ധി ഒന്നാം പേജില്‍ കുറിച്ചിട്ടിട്ടുണ്ട്. ജനുവരിയില്‍ വാഴപ്പഴവും തുടര്‍ന്നുള്ള മാസങ്ങളില്‍ യഥാക്രമം ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞള്‍, നെല്ല്, ഏലം, ഗ്രാമ്പു, നാളികേരം, കാട്ടുതേന്‍ എന്നിവയും പരിചയപ്പെടുത്തുന്നു. ഓരോ വിളയും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണം, കര്‍ഷകരുടെ എണ്ണം, ആകെ ഉത്പാദനം തുടങ്ങിയ വിവരങ്ങളും താളുകളില്‍ ചേര്‍ത്തിട്ടുണ്ട്. വയനാടിന്റെ വിളകള്‍ കേരളത്തിനു പുറത്ത് പരിചയപ്പെടുത്തുന്നതിനു ഇംഗ്ലീഷിലും കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.
കല്‍പറ്റയില്‍ എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.അബ്രഹാം, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, എ.ഐ.സി.സി മെംബര്‍ പി.കെ.ജയലക്ഷ്മി, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി എന്നിവര്‍ ചേര്‍ന്നു കലണ്ടര്‍ പ്രകാശനം ചെയ്തു.