റിയാദ്- സൗദി അറേബ്യയിൽ കോവിഡ് വാക്സിൻ നാലാം ഡോസ് നൽകുന്നതിനെ കുറിച്ച് വിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന പഠന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നാലാം ഡോസ് നൽകുകയുള്ളൂവെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽ ആലി വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്ത് ആറു മാസം പൂർത്തിയാക്കിയവർ ഫെബ്രുവരിയോടെ മൂന്നാം ഡോസ് എടുത്തിരിക്കണം.
കുട്ടികളുടെ വാക്സിൻ കാമ്പയിൻ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. സൗദിയിൽ അംഗീകൃത വാക്സിനുകളെല്ലാം സുരക്ഷിതമാണ്. ബന്ധപ്പെട്ട വകുപ്പുകൾ അത് സംബന്ധിച്ച് വിശദ പഠനം നടത്തിയിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാത്തവരാണ് നിലവിൽ രോഗം ബാധിച്ചവരിൽ ഏറെയും. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഗുരുതര രോഗികളുടെ എണ്ണം കുറവാണ്. വാക്സിനേഷൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നതാണിത്. അദ്ദേഹം പറഞ്ഞു.