കാസർകോട്- മുസ്ലിം യുവാവിനെ കൊറഗവേഷം ധരിപ്പിച്ചും ആഭാസകരമായ തരത്തിലും വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തിൽ വിവാദം ചൂടുപിടിക്കുന്നതിനിടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം രാത്രി വധുവിന്റെ കർണാടകയിലെ വീട്ടിലേക്ക് മണവാളനെ ആനയിച്ചുകൊണ്ടുപോകുമ്പോഴാണ് തീർത്തും ആഭാകരമായ തരത്തിലുള്ള പെരുമാറ്റങ്ങളുണ്ടായത്. വരൻ ധരിച്ചിരുന്ന വിവാഹ വസ്ത്രം അഴിച്ചുമാറ്റി കൊറഗവേഷം കെട്ടിക്കുകയും വരന് ചുറ്റുംകൂടി നൃത്തം വെക്കുകയും പാട്ടുപാടുകയും ചെയ്യുകയായിരുന്നു. ഈ രംഗങ്ങൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയകളിലൂടെ വൈറലായതോടെ ആഭാസകരമായ ഈ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. കർണാടകയിലെ വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വധുവിന്റെ വീട്. ഇവിടെ എത്തിച്ച ശേഷം കരിമരുന്ന് പ്രയോഗം നടത്തുകയും വരന്റെ ദേഹത്ത് കളർ വാരി വിതറുകയും ചെയ്തു. സംഭവത്തിൽ വിട്ള പോലീസ് വരനും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.