കണ്ണൂർ - ഗൾഫിലെ സൂപ്പർമാർക്കറ്റിൽ നിന്നും അഞ്ചരകോടി രൂപയുമായി നാട്ടിലേക്ക് മുങ്ങിയ യുവാവ് പോലീസ്പിടിയിൽ. കണ്ണൂർ തളാപ്പ് പള്ളിക്ക് സമീപത്തെ ജസ്‌നാസ് മൻസിലിൽ ചാലിൽ ഹൗസിൽ ജുനൈദിനെ (24) യാണ് ടൗൺ സ്റ്റേഷൻ സി.ഐ, ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പുതിയങ്ങാടി സ്വദേശി റിസ്വാൻ ഒളിവിലാണ്. ദുബായിയിലെ ഡിജിറ്റൽ സൂപ്പർമാർക്കറ്റ് സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികൾ ഇക്കഴിഞ്ഞ ഒക്ടോബർ 4 ന് സ്ഥാപനത്തിലെ കലക്ഷൻ തുകയായ അഞ്ചരകോടി രൂപ കമ്പനിയിൽ അടക്കാതെ സ്ഥലം വിടുകയായിരുന്നു. തുടർന്ന് ദുബായിയിലെ കമ്പനിയിലെ മാനേജർ കണ്ണൂർ തളാപ്പിലെ ബാദുഷ മൻസിലിൽ വി.കെ.അബ്ദുൾ വാസിഖ്, എംബസി മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു . കേസെടുത്ത ടൗൺ പോലീസ് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രിയോടെ തളാപ്പിലെ വീട്ടിൽ വെച്ച് പിടികൂടുകയായിരുന്നു.