ജിദ്ദ - സൗദിയിലെ ഏറ്റവും പ്രശസ്തമായ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃഖലയായ അൽബെയ്ക് വില ഉയർത്തിയതിൽ സാമൂഹികമാധ്യമ ഉപയോക്താക്കൾ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുന്നു. ചില ഉൽപന്നങ്ങളുടെ വില നേരിയ തോതിൽ വർധിപ്പിച്ചതായി അൽബെയ്ക് റെസ്റ്റോറന്റ് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. കൊറോണ മഹാമാരിയുടെ ഫലമായി ആഗോള തലത്തിൽ അസംകൃത വസ്തുക്കളുടെ അഭൂതപൂർവമായ വില വർധനവു മൂലം ഉൽപന്നങ്ങളുടെ വില ഉയർത്താൻ നിർബന്ധിതരാവുകയായിരുന്നെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അപ്രതീക്ഷിതമായി വിലകൾ ഉയർത്തിയതിൽ പ്രതിഷേധം പ്രകടിപ്പിച്ചും വില വർധിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് ആരാഞ്ഞും ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അസംസ്‌കൃത വസ്തുക്കളുടെ അഭൂതപൂർവമായ വിലക്കയറ്റമാണ് ഉൽപന്നങ്ങളുടെ വില നേരിയ തോതിൽ വർധിപ്പിക്കാൻ നിർബന്ധിതമാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയത്. വ്യത്യസ്ത ഇനം ഭക്ഷ്യവസ്തുക്കൾക്ക് വ്യത്യസ്ത അനുപാതത്തിലാണ് അൽബെയ്ക് വില ഉയർത്തിയിരിക്കുന്നത്.