Sorry, you need to enable JavaScript to visit this website.

ഇരുളിൽ നിന്നുയരുന്ന ഈണങ്ങൾ

ഏകാന്തതയുടെയും വിരഹത്തിന്റെയും ദുരിതത്തിന്റെയും ആശങ്കയും, പ്രണയാതുര മനസ്സിന്റെ ആത്മഗതവും പൊതിഞ്ഞ ബദുവിയൻ താളത്തിൽ അന്ധനായ മുലഫി അൽഅൻതരി പാടുന്നത്  ജനാദ്രിയയിലെ സന്ദർശകരെ പിടിച്ചുനിർത്തുന്നു. 


വിരലുകളുടെ മാസ്മരികതയിൽ വാദ്യോപകരണത്തിൽ നിന്ന് ഉയരുന്ന ശോകസംഗീതവും കലാകാരന്റെ ശ്രുതിമധുരമായ ഗാനാലാപനവും കൂടിക്കലരുന്ന മരുഭൂ സംഗീതത്തിന്റെ തനത് വിസ്മയം ജനാദ്രിയ ഫെസ്റ്റിവൽ നഗരിയിൽ സന്ദർശകരുടെ മനംകവരുന്നു. ജന്മനാ അന്ധനായ സംഗീതജ്ഞൻ മുലഫി അൽഅൻതരി മധ്യകാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന വാദ്യോപകരണം (റീബെക്) ഉപയോഗിച്ച് തീർക്കുന്ന സംഗീത വിസ്മയം ആസ്വദിക്കാൻ ആയിരങ്ങളാണ് ജനാദ്രിയ ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. 
ഏകാന്തതയുടെയും വിരഹത്തിന്റെയും ദുരിതത്തിന്റെയും ആശങ്കയും, പ്രണയാതുര മനസ്സിന്റെ ആത്മഗതവും പൊതിഞ്ഞ ബദുവിയൻ താളത്തിൽ അന്ധനായ മുലഫി അൽഅൻതരി പാടുന്നത് ജനാദ്രിയയിലെ സന്ദർശകരെ പിടിച്ചുനിർത്തുന്നു. ജനാദ്രിയ ഫെസ്റ്റിവലിലെ സൂഖുശ്ശഅബിക്കു സമീപമാണ് വിശിഷ്ടവും വ്യതിരിക്തവുമായ മരുഭൂ സംഗീതം ആസ്വദിക്കുന്നതിന് അവസരമുള്ളത്. ശോകശബ്ദത്തിലുള്ള വാദ്യോപകരണക്കാരന്റെ ഗാനാലാപനം എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നു.


വാദ്യോപകരണ വായനയും താൻ സ്വയം രചിച്ച് ആലപിക്കുന്ന പാട്ടുകളും ആസ്വദിക്കുന്നതിന് സന്ദർശകർ വലിയ താൽപര്യം കാണിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് മുലഫി അൽഅൻതരി പറഞ്ഞു. വാദ്യോപകരണ വായന കേൾക്കുന്നതിനാണോ അതല്ല, അന്ധനായ വാദ്യോപകരണ വായനക്കാരനെ കാണുന്നതിനാണോ സന്ദർശകർ എത്തുന്നത് എന്ന് തനിക്കറിയില്ല. തന്റെ പാട്ടുകളും സംഗീതവും കേൾക്കുന്നതിന് പ്രായമുള്ളവരും കുട്ടികളും അടക്കം നിരവധി പേർ തനിക്കു ചുറ്റും തടിച്ചുകൂടുന്നുണ്ട്. ഇവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും തന്നെ കൂടുതൽ ആഹ്ലാദഭരിതനാക്കുന്നു. വാദ്യോപകരണ വായന തന്റെ ഹോബിയാണ്. ഈ ലോകത്ത് താൻ പ്രാവീണ്യം നേടിയ ഏക പാടവവുമാണിത്. 


ഒരു സൃഷ്ടിയെയും അല്ലാഹു വെറുതെ സൃഷ്ടിക്കുകയോ അവയെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. തന്റെ കാരുണ്യത്തിൽ നിന്ന് ഉപകാരപ്രദമായ എന്തെങ്കിലും ഒന്ന് ഓരോ സൃഷ്ടിക്കും ദൈവം കനിഞ്ഞുനൽകുന്നു. ആളുകൾ പറയുന്നതുപോലെ ശബ്ദസൗകുമാര്യം നൽകി അല്ലാഹു എന്നെ അനുഗ്രഹിച്ചു. പതിനാറാം വയസു മുതൽ വാദ്യോപകരണ വായന, ഗാനാലാപന സപര്യ ആരംഭിച്ചതാണ്. ഇത് ഹോബിയായാണ് കൊണ്ടുനടക്കുന്നണ്. കുട്ടിക്കാലം മുതൽ കേട്ടാണ് പാട്ടുകൾ മനഃപാഠമാക്കുന്നത്. മരുഭൂഗ്രാമവാസികളെ സംബന്ധിച്ചേടത്തോളം മരുഭൂമിയുടെ വിരസതയിലും ഏകാന്തതയിലും ദീർഘയാത്രകളിലും തങ്ങളുടെ സന്തത സഹചാരിയാണ് റീബെക്. ഉറക്കമൊഴിച്ച് രാവുകൾ സജീവമാക്കുന്ന അറബികളുടെ ശബ്ദമാണ് ഈ വാദ്യോപകരണം. മരുഭൂമിയുടെ പരുഷതക്കും വിരസതക്കും യോജിച്ചതാണ് എന്നതാണ് ബദുക്കൾ ഈ വാദ്യോപകരണത്തെ ഇഷ്ടപ്പെടുന്നതിന് കാരണമെന്നും മുലഫി അൽഅൻതരി പറഞ്ഞു. 

Latest News