Sorry, you need to enable JavaScript to visit this website.

സ്വത്ത് എഴുതിക്കൊടുക്കാത്ത വിരോധത്തിൽ അമ്മയെ മർദ്ദിച്ചു, മൂന്നു പെൺമക്കൾ അറസ്റ്റിൽ

പയ്യന്നൂർ - സ്വത്തു എഴുതികൊടുക്കാത്ത വിരോധത്തിൽ അമ്മയെ നിർബന്ധിച്ച് മുദ്ര പേപ്പറിൽ ഒപ്പുവെപ്പിക്കാൻ ശ്രമിക്കുകയും വി സമ്മതിച്ചതോടെ മർദ്ദിച്ച് അവശയാക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പെൺമക്കൾ അറസ്റ്റിൽ. മാതമംഗലം പേരൂലിലെ പലേരി വീട്ടിൽ മീനാക്ഷിയമ്മ (75) യെ ആക്രമിച്ച സംഭവത്തിൽ
എരമത്ത് താമസിക്കുന്ന, സഹോദരങ്ങളായ പി.സൗദാമിനി, പി.അമ്മിണി, പി.പത്മിനി എന്നിവരെയാണ് പെരിങ്ങോം എസ്.ഐ. പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. ഈ കേസിൽ ഇവരുടെ സഹോദരൻ പി.രവീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാൾ റിമാന്റിലാണ്. നരഹത്യാശ്രമത്തിന് കേസെടുത്ത പോലീസ്  അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഒളിവിൽ പോയ പ്രതികൾ തലശേരി സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേന ജാമ്യം നേടി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി അറസ്റ്റു വരിക്കുകയായിരുന്നു. മറ്റു ഉപാധികളോടെ നേടിയ ജാമ്യപ്രകാരം എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. 
          കഴിഞ്ഞ ഡിസംബർ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. പത്ത് മക്കളുടെ മാതാവായ മീനാക്ഷിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയമകൻ മോഹനന്റെ പേരൂലിലെ വീട്ടിലാണ് മീനാക്ഷിയമ്മ താമസിക്കുന്നത്. പെൺമക്കളിൽ ഒരാൾ അഞ്ചുവർഷം മുമ്പ് മരിച്ചതോടെ അവരുടെ പേരിലുള്ള ഇരുപത്തിയഞ്ച് സെന്റ് സ്ഥലം മീനാക്ഷിയമ്മയുടെ കൈവശം കിട്ടി. ഈ സ്വത്ത് വീതം വെച്ച് നൽകാത്തതിന്റെ വിരോധത്തിൽ മകൻ മോഹനൻ വീട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറുകയും വയോധികയെ മർദ്ദിക്കുകയും അവർ കൊണ്ടുവന്ന പേപ്പറുകളിൽ ബലമായി ഒപ്പുവെപ്പിക്കുവാൻ ശ്രമിക്കുകയുമാണുണ്ടായത്. മോഹനന്റെ ഭാര്യയാണ് ഇത് സംബന്ധിച്ച്  പോലീസിൽ പരാതി നൽകിയത്. മർദ്ദനമേറ്റ മീനാക്ഷിയമ്മ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും ഈ വീട്ടിൽ കളിക്കുകയായിരുന്ന കുട്ടികൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്.
 

Latest News