ഇടുക്കി-മംഗളയുടെ തിമിരം മാറ്റാൻ കടൽ കടന്ന മരുന്നെത്തുന്നു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കടുവാക്കുട്ടിയാണ് മംഗള. വനപാലകർ കണ്ടെത്തി പോറ്റി വളർത്തിയ മംഗളക്ക് ഇപ്പോൾ പ്രായം 15 മാസം. അമേരിക്കയിൽ നിന്ന് ഒരു ഡോസിന് 16000 രൂപ വിലയുളള മരുന്നാണ് വരുത്തുന്നത്. രാജ്യത്ത് ആദ്യമായാണ് കടുവക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.
2020 നവംബർ 23ന് ആണ് മംഗളാദേവിലുള്ള വനംവകുപ്പ് സ്റ്റേഷനിലേക്ക് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന കടുവക്കുഞ്ഞ ഇഴഞ്ഞെത്തിയത്. അമ്മക്കടുവയെ കണ്ടെത്താൻ വനപാലകർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ അവർ കുഞ്ഞിക്കടുവയെ ഏറ്റെടുത്തു. മംഗളയെന്ന് പേരും നൽകി.
ആരോഗ്യം മെച്ചപ്പെട്ടതോടെ സങ്കേതത്തിനുള്ളിൽ പ്രത്യേകം കൂട് നിർമിച്ച് ഇരപിടിക്കാൻ പരിശീലനം നൽകി. വനത്തിലേക്ക് തിരിച്ച് വിടുന്നതിനായായിരുന്നു പരിശീലനം. ഇതിനിടെയാണ് മംഗളക്ക് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. പരിശോധനയിൽ തിമിരമാണെന്ന് തെളിഞ്ഞു.
ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിർദേശ പ്രകാരം വിശദമായ പരിശോധന നടത്താൻ നാല് ഡോക്ടർമാർ അടങ്ങുന്ന ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരാണ് അമേരിക്കയിൽ നിന്ന് ലാനോ സ്റ്റെറോൾ എന്ന മരുന്ന് എത്തിക്കാൻ തീരുമാനിച്ചത്.
വയനാട് കേരള വെറ്ററിനറി ആന്റ് യൂണിവേഴ്‌സിറ്റി എച്ച്ഒഡി ശ്യാം കെ. വേണുഗോപാൽ, ഡോ. സൂര്യദാസ്, ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അനുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അമേരിക്കയിൽ ഒരു കടുവയിലും കേരളത്തിൽ ഒരു നാട്ടാനക്കും ലാനോ സ്റ്റെറോൾ ഉപയോഗിച്ച് മുമ്പ് ചികിത്സ നൽകിയിട്ടുണ്ട്.
രോഗം പൂർണമായി ഭേദമായാൽ മംഗളയെ കാട്ടിലേക്ക് അയക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, ഇര പിടിക്കുന്നുമുണ്ട് 40 കിലോയോളം തൂക്കവുമുണ്ട്.