റിയാദ്- കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റിയാദിലെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റിയാദ്, അൽഖർജ്, മുസാഹ്്മിയ, അഫീഫ്, അൽ ഖുവയ്യ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ് ഞായറാഴ്ച്ച്അവധി പ്രഖ്യാപിച്ചത്. മദീന പ്രവിശ്യയിൽ ഞായറാഴ്ച്ച സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മദീന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നാസർ അൽഅബ്ദുൽ കരീം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ സ്‌കൂളുകൾക്കും ഞായറാഴ്ച്ച അവധിയായിരിക്കുമെന്ന് കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അൽബാഹിസ് അറിയിച്ചു. അൽ ഹസയിലെ സ്‌കൂളുകൾക്കും ഞായറാഴ്ച്ച അവധിയാണ്. കനത്ത മഴയാണ് ശനിയാഴ്ച്ച റിയാദിലടക്കം പെയതത്.
മദീനയിലുണ്ടായ ആലിപ്പഴ വർഷത്തിൽ ഏതാനും കാറുകളുടെ ചില്ലുകൾ തകർന്നു. മദീനയുടെ പടിഞ്ഞാറു ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ ആലിപ്പഴ വർഷമുണ്ടായത്. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ മദീനയിൽ കനത്ത മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത ആലിപ്പഴ വർഷത്തിൽ ആടുകളും ചത്തു. ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് സെക്കന്റ് റിംഗ് റോഡ്, അസീസിയ, അർവ ഡിസ്ട്രിക്ട്, യൂനിവേഴ്‌സിറ്റി റോഡ്, ഹുറ അൽശർഖിയ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.