കുവൈത്ത് സിറ്റി- ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ റദ്ദ് ചെയ്യുന്നതിനും തൊഴിലാളി നേരിട്ട് ലേബര്‍ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് മാന്‍പവര്‍ അതോറിറ്റി ഉത്തരവിട്ടു. ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് തൊഴിലാളിക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമായെന്ന് ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യദ് പറഞ്ഞു. മേഖല മാറുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അതേസമയം വിദേശികള്‍ക്ക് തൊഴിലിടങ്ങളില്‍നിന്നുള്ള സേവനാകൂല്യം ലഭിക്കണമെങ്കില്‍ അവര്‍ കുവൈത്തില്‍ തുടരില്ല എന്നത് ഉറപ്പാക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ കോടതി വിധിച്ചു. കുവൈത്തില്‍ തന്നെ തുടരുന്നവര്‍ക്ക് ആദ്യം തൊഴിലെടുത്ത സ്ഥാപനത്തില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്ന തീരുമാനത്തിനെതിരെയാണ് കോടതി നടപടി.