Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ട്  ഉദ്ഘാടനം മെയ് ഒന്നിന്

ജിദ്ദ - പുതിയ ജിദ്ദ എയർപോർട്ട് മെയ് ഒന്നിന് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ വെളിപ്പെടുത്തി. എയർപോർട്ട് നിർമാണ പദ്ധതിയുടെ ഏറ്റവും പുതിയ പുരോഗതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ വിലയിരുത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹകീം അൽതമീമിയും അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തായിഫ്, ഖുൻഫുദ എയർപോർട്ട് പദ്ധതികളുടെ പുരോഗതികളും ഗവർണർ വിലയിരുത്തി. 
ജിദ്ദ എയർപോർട്ട് നടത്തിപ്പ് കരാർ ആഗോള തലത്തിൽ ടെണ്ടറുകൾ ക്ഷണിച്ച് ഏറ്റവും മികച്ച കമ്പനിയെയും കൺസോർഷ്യത്തെയും കണ്ടെത്തി നൽകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. എയർപോർട്ട് ടെർമിനൽ, പബ്ലിക് ട്രാൻസ്‌പോർട്ട് സെന്റർ, ജിദ്ദ എയർപോർട്ടിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷൻ എന്നിവയുടെ നിർമാണ പുരോഗതികളെ കുറിച്ച് ബന്ധപ്പെട്ടവർ ഗവർണർക്ക് വിശദീകരിച്ചു നൽകി. ഖുൻഫുദ എയർപോർട്ട് പദ്ധതി കരാർ അറുപതു ദിവസത്തിനുള്ളിൽ അനുവദിക്കും. എയർപോർട്ട് നിർമാണത്തിനുള്ള 2.4 കോടി ചതുരശ്രമീറ്റർ സ്ഥലം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്വീകരിച്ചിട്ടുണ്ട്. എയർപോർട്ട് നിർമാണത്തിനു മുന്നോടിയായി പ്ലാനിംഗ് എൻജിനീയർമാരും സർവേയർമാരും പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ച തായിഫ് അന്താരാഷ്ട്ര എയർപോർട്ടിന്റെ നിർമാണം 2020 ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. തായിഫിന് കിഴക്ക് 40 കിലോമീറ്ററും മക്കയിൽനിന്ന് 117 കിലോമീറ്ററും ദൂരെ 4.8 കോടി ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള സ്ഥലത്ത് നിർമിക്കുന്ന എയർപോർട്ടിന് പ്രതിവർഷം 60 ലക്ഷം യാത്രക്കാരെയും 15 ലക്ഷം ഹജ്, ഉംറ തീർഥാടകരെയും സ്വീകരിക്കുന്നതിന് ശേഷിയുണ്ടാകും. 

Latest News