Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി,  വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു

മഞ്ചേരി- സൗദി അറേബ്യയുമായുള്ള എയര്‍ ബബ്ള്‍ കരാറിന് പിന്നാലെ സൗദി കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു. ടിക്കറ്റ് നിരക്കില്‍ 5,000 മുതല്‍ 8,000 രൂപ വരെ കുറവുണ്ട്. നേരത്തെ 42,000 രൂപ മുതല്‍ 45,000 വരെ നല്‍കേണ്ടിയിരുന്ന ടിക്കറ്റ് നിരക്കിപ്പോള്‍ 35,000ലേക്ക് വരെ താഴ്ന്നിട്ടുണ്ട്. നിരക്ക് വൈകാതെ വീണ്ടും കുറയുമെന്ന് ട്രാവല്‍സ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു സൗദിയുമായുള്ള എയര്‍ ബബ്ള്‍ കരാര്‍. സൗദി കേന്ദ്രീകരിച്ചുള്ള ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസും ഇന്‍ഡിഗോയുമാണ് ഈ മാസം 11 മുതല്‍ സര്‍വീസ് തുടങ്ങുക. നിലവില്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സൗദിയിലേക്ക് യാത്രക്കാരുമായി പോവുന്ന വിമാനത്തിന് തിരിച്ച് യാത്രക്കാരെ കയറ്റാന്‍ അനുമതിയില്ല. എന്നാല്‍ എയര്‍ ബബ്ള്‍ കരാറില്‍ രണ്ട് ഭാഗത്തേക്കും യാത്രക്കാരെ കൊണ്ടുപോവാം. ഇതാണ് നിരക്ക് കുറയാന്‍ കാരണം. ഫ്‌ളൈ നാസ് ടിക്കറ്റ് ബുക്കിംഗ് ഇന്നു  മുതല്‍ തുടങ്ങും. കോവിഡിന് മുമ്പ് വരെ ഫ്‌ളൈ നാസ് കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്നു. നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് വൈകാതെ ബബ്ള്‍ സര്‍വീസിലേക്ക് മാറിയേക്കും. കരിപ്പൂര്‍ റിയാദ് സെക്ടറില്‍ ആഴ്ചയില്‍ മൂന്നും ജിദ്ദയിലേക്ക് എല്ലാ ദിവസവും സര്‍വീസുണ്ടാവും. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 7.30ന് റിയാദില്‍ നിന്നെത്തുന്ന വിമാനം രാത്രി 8.30ന് കരിപ്പൂരില്‍ നിന്ന് മടങ്ങും. ജിദ്ദയിലേക്ക് തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.30നാണ് ഇന്‍ഡിഗോയുടെ സര്‍വീസ്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ദമാമിലേക്കുള്ള സര്‍വീസ്.
 

Latest News