ഇടുക്കി-അച്ചടക്ക നടപടിയുടെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കപ്പെട്ട ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പാർട്ടിക്ക് അയച്ച വിശദീകരണ കത്ത് പുറത്തായി. തന്നെ എം.എം.മണി അപമാനിച്ചെന്നും പാർട്ടിയിലെ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ കുടുംബത്തെ നോക്കി വീട്ടിലിരിക്കാൻ പറഞ്ഞെന്നും കത്തിൽ പരാമർശമുണ്ട്. പാർട്ടിയുടെ കടുത്ത അച്ചടക്ക നടപടി വരാനിരിക്കെയാണ് ആരോപണങ്ങളുമായി രാജേന്ദ്രന്റെ കത്ത് പുറത്തുവന്നത്. എം.എം. മണിയുടെ പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ല സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. ജില്ലയിലെ മുതിർന്ന നേതാവ് കെ.വി. ശശിക്കെതിരെയും കത്തിൽ ആരോപണങ്ങളുണ്ട്. കെ.വി. ശശി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയെന്നും യൂനിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അപമാനിച്ചെന്നുമാണ് ആരോപണം. പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ രാജേന്ദ്രനെ പാർട്ടിയിൽനിന്നും പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാർശ നൽകിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.