ആലപ്പുഴ- ആലപ്പുഴ ഇരട്ടക്കൊലകള്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും വലിയ തോതില്‍ ചര്‍ച്ചയായി മാറുകയാണ്. ആലപ്പുഴ രണ്‍ജിത് വധത്തിന്റെ പശ്ചാത്തലത്തില്‍ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പൊതുയോഗങ്ങളുണ്ടാകില്ല. ഭീകരതയെ സംസ്ഥാന സര്‍ക്കാരും പോലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആര്‍ എസ് എസ് ആക്ഷേപം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.അതിനിടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നുമാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തിനുമിടയില്‍ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തു. കലാപംനടക്കുമെന്ന പ്രചാരണത്തിന് പിന്നില്‍ ആര്‍.എസ്എസ് അജന്‍ഡയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ ഹമീദ് പറഞ്ഞു. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് ഒരു ബദല്‍ രാഷ്ട്രീയമാണെന്നും അതിനെ വളര്‍ത്തേണ്ടത് അക്രമത്തിലൂടെയല്ലെന്നും എസ്ഡിപിഐയെ പിശാചായി ചിത്രീകരക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുകയാണെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.