പാലക്കാട്- സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ 5 പേര്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പോലീസാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഡിസംബര്‍ 12നാണ് സംഭവം. തമിഴ്‌നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം നടത്തണമെന്നതാണ് കാരണമായി പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങുകയും ചെയ്തു.വിവാഹ ദിവസം വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനുമെത്തി. അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും നാട്ടിലേക്ക് കടന്നു. പിന്നീട് ഇവരുടെ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മണികണ്ഠനും സുഹൃത്തുക്കളും നടത്തിയ അനേഷണത്തിലാണ് എല്ലാം വ്യാജമെന്ന് തിരിച്ചറിഞ്ഞത്.
കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. സമാന രീതിയില്‍ അന്‍പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.