പാലക്കാട്- പട്ടാമ്പി നഗരസഭ മുൻചെയർമാനും ഡി.സി.സി വൈസ്പ്രസിഡന്റുമായ കെ.എസ്.ബി.എ തങ്ങളെ തോക്കും തിരകളുമായി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പുലർച്ചെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ബാഗ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അതിനുള്ളിലുണ്ടായിരുന്ന പഴയ തോക്കും ഉപയോഗിക്കാത്ത ഏഴ് തിരകളും കണ്ടെത്തിയത്. തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസൻസോ മറ്റു രേഖകളോ ഹാജരാക്കാൻ കോൺഗ്രസ് നേതാവിന് കഴിഞ്ഞില്ല. സുരക്ഷാ സൈനികരുടെ ചോദ്യം ചെയ്യലിൽ തന്റെ പിതാവിന്റെ കൈവശമുള്ള തോക്കായിരുന്നു എന്നും ലൈസൻസുണ്ട് എന്നും കെ.എസ്.ബി.എ തങ്ങൾ അവകാശപ്പെട്ടു. എന്തിനാണ് തോക്ക് കൈവശം വെച്ചത് എന്നതിനും കൃത്യമായ വിശദീകരണമുണ്ടായില്ല. മറുപടി തൃപ്തികരമല്ലാത്തതിനാൽ സുരക്ഷാസേന അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പീളൈമേട് പോലീസിന് കൈമാറി. ബാംഗ്ലൂരുവിലെത്തി അവിടെ നിന്ന് അമൃത്‌സറിലേക്ക് വിമാനത്തിൽ പോകാനായിരുന്നു കെ.എസ്.ബി.എ തങ്ങളുടെ പരിപാടി.
പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ് കെ.എസ്.ബി.എ തങ്ങൾ. കഴിഞ്ഞ നിയമസഭാ #െതരഞ്ഞെടുപ്പിൽ പട്ടാമ്പിയിലെ സ്ഥാനാർത്ഥിത്വത്തിന് അവസാനനിമിഷം വരെ അദ്ദേഹത്തെ പരിഗണിച്ചിരുന്നു. വിഷയത്തെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ.തങ്കപ്പൻ പറഞ്ഞു.