Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; തസ്തിക പിന്നീട്

തിരുവനന്തപുരം- സ്വർണ്ണക്കളളക്കടത്ത് കേസിൽ പ്രതിയായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് നീക്കിയ എം.ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനം. സസ്‌പെൻഷൻ കാലാവധി തീർന്നതോടെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയിരുന്നു. തസ്തിക പിന്നീട് തീരുമാനിക്കും. 
അന്താരാഷ്ട്ര സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതും വിവാദമായതോടെയാണ് മുഖം രക്ഷിക്കാനായി എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പൻഷൻ. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്‌പെൻഡ് ചെയ്യാം. സസ്‌പെൻഷൻ കാലാവധി ആറു മാസമാണ്. അതിനുശേഷം രണ്ടുതവണ കൂടി സമിതിക്ക് സസ്‌പെൻഷൻ കാലാവധി നീട്ടാം. അതിൽ കൂടുതൽ സസ്‌പെൻഷൻ നീട്ടാൻ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കിൽ സസ്‌പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഷനിൽ നിർത്താനും കഴിയൂ.
സ്വർണക്കടത്ത് കേസിൽ ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഡോളർകടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും ഉണ്ടായിട്ടുമില്ല. സസ്‌പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങൾക്ക് തടസമാവില്ലെന്നുമാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
 

Latest News