കണ്ണൂർ - മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലെന്നാരോപിച്ച് പോലീസ് മർദിച്ച ആളെ തിരിച്ചറിഞ്ഞു. നിരവധി കവർച്ചാ കേസുകളിൽ ഉൾപ്പെടെ പ്രതിയായ കൂത്തുപറമ്പ് നീർവേലി സ്വദേശി പൊന്നൻ ഷമീറാണ് (50) ഇയാളെന്നാണ് തിരിച്ചറിഞ്ഞത്. ഇയാൾ ഇപ്പോൾ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ മാവേലി എക്‌സ്പ്രസിൽ കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന് ആരോപിച്ച് എ.എസ്.ഐ കഴിഞ്ഞ ദിവസം മർദ്ദിച്ചത് വിവാദമായിരുന്നു.തുടർന്നാണ് ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ
കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോ സ്‌പെഷ്യൽ ബ്രാഞ്ച് എ.സിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ.എസ്.ഐക്കെതിരെ നടപടിയുണ്ടായത്.
എ.എസ്.ഐക്ക് വീഴ്ചപറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എം.സി.പ്രമോദ് മനുഷ്യത്വ രഹിതമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ടി.ടി.ഇയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ ഉടപെട്ടത് . പക്ഷെ ട്രെയിനിൽ നിന്ന് ഇറക്കി വിടുമ്പോൾ ചവിട്ടിയത് ഗുരുതര തെറ്റാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പിയുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപോർട്ട് തേടിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ നിർദ്ദേശം.
ഈ സംഭവത്തിന് ശേഷം അപ്രത്യക്ഷനായ ആളെ കണ്ടെത്താൻ പോലീസ് അന്നു തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇയാളുടെ മൊഴിയെടുക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. ആളെ കണ്ടെത്താനായില്ലെങ്കിലും ഇയാളെ തിരിച്ചറിയാനായി. മാല പൊട്ടിക്കൽ, ഭണ്ഡാര മോഷണം എന്നിവ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളിൽ പ്രതിയാണിയാളെന്നും, ഒരു കേസിൽ വാറണ്ടുണ്ടെന്നും കണ്ടെത്തി. ചില കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. പുറത്തു വന്ന ദൃശ്യങ്ങളും, വടകര റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. കൂത്തുപറമ്പ് സ്വദേശിയാണെങ്കിലും ഏറെ നാളായി ഇരിക്കൂറിലാണ് ഇയാൾ താമസമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇരിക്കൂറിൽ അന്വേഷണം നടത്തിയങ്കിലും ആളെ കണ്ടെത്താനായില്ല. തീവണ്ടിയിൽ സ്ത്രീകൾ ഇരുന്നിരുന്ന സ്ഥലത്താണ് ഇയാളെ കണ്ടെത്തിയത്. സ്ത്രീകൾ പരാതി പറഞ്ഞതിനെത്തുടർന്നാണ് ടി.ടി.ഇ ഇടപെട്ടതും പോലീസിനോട് ഇയാളെ മാറ്റാൻ നിർദ്ദേശം നൽകിയതും.