Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയുടെ ആഡംബര വീടുകളടക്കം 523 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

മുംബൈ- കോടികള്‍ തട്ടി മുങ്ങിയ രത്‌നവ്യവസായി നീരവ് മോഡിയുടെ 523 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സൗത്ത് മുംബൈയിലെ വോര്‍ളിയിലെ 81.16 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീടും 15.45 കോടി വിലമതിക്കുന്ന കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ഫഌറ്റും ഇതിലുള്‍പ്പെടും. മോഡിയുടേയും അദ്ദേഹത്തിന്റെ കമ്പനിയുടേയും നിയന്ത്രണത്തിലുള്ള ആറ് വീടുകള്‍, 10 ഓഫീസുകള്‍, പൂനെയിലെ രണ്ട് ഫഌറ്റുകള്‍, സൗരോര്‍ജ നിലയം അലിബാഗിലെ ഒരു ഫാം ഹൗസ്, അഹമദ്‌നഗര്‍ ജില്ലയിലെ കര്‍ജത്തിലെ 135 ഏക്കര്‍ ഭൂമി എന്നിവയടക്കം 21 സ്വത്തു വകകളാണ് പിടിച്ചെടുത്തത്.

അലിബാഗിലെ കടലോരത്തെ ഫാം ഹൗസിനും സമീപ ഭൂമിക്കും 42.70 കോടി രൂപ മതിപ്പു വിലയുണ്ട്്. 53 ഏക്കറില്‍ സ്ഥിതിചെയ്യുന്ന സൗരോര്‍ജ നിലയം 70 കോടി രൂപയുടേതാണ്. മുംബൈയിലെ ലോവര്‍ പറേലിലെ രണ്ട് ഓഫീസുകള്‍ക്ക് 80 കോടി വിലവരും. കഴിഞ്ഞ ദിവസം നീരവ് മോഡിയുടെ ശേഖരത്തിലുള്ള പതിനായിരത്തോളം വിലയേറിയ വാച്ചുകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതോടെ ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മോഡിയുടെ സ്വത്തുകളുടെ മൂല്യം 6,393 കോടി രൂപയിലെത്തി.
തിങ്കളാഴ്്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇ.ഡി നീരവ് മോഡി, ഭാര്യ അമി, അമ്മവാനും ഗീതാഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോസ്‌കി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പു പുറത്താകുന്നതിനു മുമ്പ് തന്നെ രാജ്യം വിട്ട ഇവര്‍ ഇപ്പോള്‍ വിദേശത്താണ്.

 

Latest News