കോഴിക്കോട്- ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്ക് ആളെകൂട്ടുന്നതല്ല സമസ്തയുടെ ജോലിയെന്ന് സമസ്ത സംസ്ഥാന അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയുടെ ഒരു സ്ഥാപനത്തിലും രാഷ്ട്രീയം പഠിപ്പിക്കുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ലെന്നും കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ തങ്ങൾ പറഞ്ഞു. കമ്യൂണിസം മതത്തിന് എതിരാണ് എന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ കൂടുതൽ പറയാനില്ല. ആത്മീയത വ്യാപിപ്പിക്കാനും തിന്മകൾക്കെതിരായ പോരാട്ടം ശക്തമാക്കാനുമാണ് സമസ്ത പ്രവർത്തിക്കുന്നത്. സമസ്തയുടെ സ്ഥാപനങ്ങളിൽ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ലെന്നും വിദ്യാർഥികൾ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.