കോഴിക്കോട്- തകരാത്ത റോഡിൽ അനാവശ്യമായി റീ- ടാറിംഗ് നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെഷൻ. പിഡബ്ള്യുഡി കുന്ദമംഗലം സെക്ഷൻ എൻജിനീയർ ജി. ബിജു, ഓവർസിയർ പി.കെ. ധന്യ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ഉത്തരവിനെ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചത്. കോഴിക്കോട് കുന്നമംഗംലം-മെഡിക്കൽ കോളജ് റോഡിൽ ഒഴുക്കരയിൽ കുഴികളൊന്നുമില്ലാത്ത റോഡിൽ 17 മീറ്റർ സ്ഥലത്ത് ടാറിംഗ് നടത്തിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. വാർത്ത പുറത്തായതോടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും ചീഫ് എൻജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കരാറുകാരന് സ്ഥലം മാറിപ്പോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി റിയാസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് നടപടിയുണ്ടായത്. സംസ്ഥാനത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താതെ ഇതുപോലെയുള്ള സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി ചീഫ് എൻജിനീയർക്കും ഫോൺവഴി നിർദ്ദേശം നൽകിയിരുന്നു.