ആലപ്പുഴ-ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെക്കൂടി പിടികൂടി. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് രണ്ടുപേരെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. പ്രധാന പ്രതികളിലൊരാളെ രക്ഷപെടാൻ സഹായിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനായ ആലപ്പുഴ മുനിസിപ്പൽ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സുഹൈൽ (24) ആണ് ഇന്നലെ അറസ്റ്റിലായത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരും, മണ്ണഞ്ചേരി സ്വദേശികളുമായ രണ്ടുപേരാണവർ. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ. ആർ ജയരാജിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൌത്ത് പി.എസ് ഇൻസ്‌പെക്ടർ, എസ്.അരുൺ, ആലപ്പുഴ സൈബർ പി.എസ് ഇൻസ്‌പെക്ടർ, എം.കെ രാജേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസ്സിൽ പിടിയിലാവരുടെ എണ്ണം 14 ആയി. കേസ്സിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പിടിയിലായവരുടെ പേരും, മേൽവിലാസവും വെളിപ്പെടുത്താനാവില്ല. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.