Sorry, you need to enable JavaScript to visit this website.

മതനിന്ദ രാജ്യത്തിനെതിരായ കുറ്റകൃത്യം -ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


കോട്ടയം- മതനിന്ദ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. മോഡി സർക്കാർ ക്രൈസ്തവ വിരുദ്ധമല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150-ാം ചരമവാർഷിക സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആമുഖപ്രഭാഷണത്തിലാണ് മുരളീധരൻ മോഡി സർക്കാരിന്റെ സമീപനം വരച്ചു കാട്ടിയത്. കന്യാസ്ത്രീകളും ക്രൈസ്തവ പുരോഹിതരും ജനപ്രതിനിധികളും അടങ്ങിയതായിരുന്നു സദസ്സ്്. 
ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരു ജാതിയും വലുതല്ല. ഉയർന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ വേർതിരിവ് ഇല്ല എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യമാണ്. ഉയർന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേർതിരിവ് ഇല്ല.
വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ സംസ്‌കാരത്തിനും ഭരണഘടനയ്ക്കും ധാർമികതയ്ക്കും എതിരാണ്, കൂടാതെ 'ഓരോ വ്യക്തിക്കും മതത്തിൽ വിശ്വസിപ്പിക്കാനും പ്രസംഗിക്കാനും അവകാശമുണ്ട്'. ഏതൊരാൾക്കും തങ്ങളുടെ ജാതി, നിറം, ലിംഗം എന്നിവയ്ക്കതീതമായി അന്തസുള്ള ജീവിതം നയിക്കാനുള്ള  അവകാശമുണ്ടെന്ന് ചാവറയച്ചൻ വിശ്വസിച്ചു. നവോത്ഥാനത്തിന്റെ ഉണർവിനെ ജീവകാരുണ്യ പ്രവർത്തനവുമായും സർവലോക സാഹോദര്യം എന്ന ക്രിസ്ത്യൻ മൂല്യവുമായും സമന്വയിപ്പിച്ചയാളാണ് ചാവറയച്ചനെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി മോഡി സർക്കാർ ക്രൈസ്തവർക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ക്രൈസ്തവ സമൂഹത്തോട് എന്നും കരുതൽ ഉള്ളവരാണ് കേന്ദ്രസർക്കാർ എന്നും വി. മുരളീധരൻ വ്യക്തമാക്കി. സഭാ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു. മത, ജാതി വേലിക്കെട്ടുകളെ തള്ളി പറഞ്ഞ് എല്ലാ മനുഷ്യരെയും വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കാൻ ചാവറയച്ചൻ നടത്തിയ പരിശ്രമങ്ങൾ ഇന്ത്യൻ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്്. പള്ളിയോടൊപ്പം പള്ളികൂടം എന്ന ആശയം മുന്നോട്ട് വെച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടർന്ന് ക്രൈസ്തവ സഭകൾ രാജ്യത്തിന്റെ വിദ്യാഭ്യസ മേഖലയിൽ നൽകി വരുന്ന സംഭാവനകൾ ഏറെ ബഹുമാനത്തോടുകൂടിയാണ് കേന്ദ്രസർക്കാർ നോക്കി കാണുന്നത്. 
ഫ്രാൻസിസ് മാർപ്പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ കൂടിക്കാഴ്ചയിൽ പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് സഭക്ക് കേന്ദ്ര സർക്കാർ നൽകുന്ന കരുതലിന്റെ ഭാഗമാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം സംബന്ധിച്ച് സഭാ പിതാക്കന്മാരുടെ ആശങ്കകൂടി കണക്കിലെടുത്താണ് അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നന് കേന്ദ്രം നീട്ടിവെച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതിനിടയിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയും ചില വ്യാജ വാർത്തകളെ പർവതീകരിച്ചും മോഡി സർക്കാർ ക്രൈസ്തവ വിരുദ്ധമാണെന്ന പ്രചരിപ്പിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നടക്കുന്നുവെന്നത് ഖേദകരമാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന് കേരളത്തിലടക്കം പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ തങ്ങൾ തന്നെയാണ് അക്കൗണ്ട് മരപ്പിച്ചത് എന്ന് മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചതിന് വലിയ പ്രാധാന്യം നൽകപ്പെട്ടില്ല. രാജ്യത്തെ നിയമങ്ങൾ എല്ലാവരും അംഗീകരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. വിവിധ മത വിഭാഗങ്ങൾ ഇടകലർന്ന്ജീവിക്കുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പോലും പെരുപ്പിച്ചു കാട്ടി എല്ലാത്തിനും ഉത്തരവാദി നരേന്ദ്രമോഡിയാണെന്ന് വരുത്താനുള്ള ശ്രമം നടക്കുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ,  തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ചാത്തംപറമ്പിൽ സ്വാഗതവും റവ. സി. ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. രാജ്യസഭാംഗം ജോസ് കെ. മാണി, എം.എൽ.എ.മാരായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.

Latest News