കോഴിക്കോട്- ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളെ നേരിടാനെന്ന പേരിൽ കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ കാവൽ സ്‌പെഷ്യൽ ഡ്രൈവ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നുവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. പോലീസിന്റെ ക്രിമിനൽ-ഗുണ്ടാ ലിസ്റ്റിൽ മനുഷ്യാവകാശ പ്രവർത്തകർ, ജേണലിസ്റ്റുകൾ, അധ്യാപകർ, ഗവേഷക വിദ്യാർഥികൾ എന്ന് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാകില്ല.പലരെയും വെരിഫിക്കേഷൻ എന്ന പേരിൽ പോലീസ് പിന്തുടരുകയും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യുന്നുണ്ട്. ഇതിന് മുൻപ് തീവ്രവാദത്തിന്റെയും മാവോയിസത്തിന്റെയും പേരിൽ കള്ളക്കേസുകൾ ഉണ്ടാക്കി ദീർഘകാലം ജയിലടക്കപ്പെടുന്നവർ കേരള പോലീസിന്റെ ഇതേരീതിയിലുള്ള ഓപ്പറേഷനുകൾ നേരിടേണ്ടി വന്നിട്ടുള്ളവരാണ് എന്നത് ഈ വിഷയത്തിലെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ കേരള പോലീസിന്റെ ശൈലി കേന്ദ്ര പോലീസിന്റേതിന് സമാനമാണ്. ആർ. എസ് .എസിനെതിരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നവരെ പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും, സോഷ്യൽ മീഡിയ പോസ്റ്റുകൾ പിൻവലിപ്പിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. ഈ രീതിയിൽ പോലീസ് വകുപ്പ് നേർക്ക്‌നേരെ ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾകൊണ്ട് സമൂഹം നേരിടണമെന്നും നഹാസ് മാള പറഞ്ഞു.