ആലപ്പുഴ- ബി.ജെ.പി. ഒ.ബി.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ രണ്ട് എസ്.ഡി.പി.ഐ നേതാക്കള്‍കൂടി കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത ആലപ്പുഴ സ്വദേശികളായ രണ്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.നേരത്തെ, കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്തയാളുടെ ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു. മുല്ലാത്തുവളപ്പ് വാര്‍ഡ് മാളികപ്പറമ്പുഭാഗത്തുനിന്നാണ് ബൈക്കു ലഭിച്ചത്. ഇതുസംബന്ധിച്ചു കൂടുതല്‍ പരിശോധന നടക്കുയാണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപ്രതികളെ ഞായറാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പെരുമ്പാവൂരില്‍നിന്നു കഴിഞ്ഞദിവസം പിടികൂടിയ പ്രതികള്‍ക്കാണു വൈദ്യപരിശോധന നടത്തിയത്.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരാണു നേരിട്ടുപങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്ച പിടിയിലായ നാലുപ്രതികളെയും റിമാന്‍ഡുചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത പ്രതികളുടെ പേരും മേല്‍വിലാസവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്.