തൃശൂര്‍- നോട്ട് നിരോധിച്ച് 5 വര്‍ഷം കഴിഞ്ഞിട്ടും ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും നിരോധിത നോട്ടുകള്‍ ലഭിക്കുന്നു. ഇതുവരെ ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍. 1000 രൂപയുടെ 36നോട്ടുകളും, 500 രൂപയുടെ 57 നോട്ടുകളും അടക്കം 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഒടുവില്‍ ഭണ്ഡാരം എണ്ണിയപ്പോള്‍ ലഭിച്ചത്.
നോട്ട് നിരോധനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇത് പോലെ ലഭിച്ചത് കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ്. എന്ത് ചെയ്യണമെന്നറിയാതെ ദേവസ്വം അധികൃതര്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഈ നോട്ടുകള്‍. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവ് ആയി അഞ്ചുകോടി അമ്പത്തൊന്ന് ലക്ഷത്തി അറുപത്തി നാലായിരത്തി നാനൂറ്റി മുപ്പത്താറ് രൂപ ലഭിച്ചു. ഇതിനു പുറമെ 4കിലോ 135ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും, 11.260 കിലോഗ്രാം വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.