തൊടുപുഴ- ബ്രാഞ്ച്, ഏരിയ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് വിമര്‍ശനങ്ങള്‍ നേരിട്ട എസ് രാജേന്ദ്രന്‍ ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കില്ല. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ പറഞ്ഞെങ്കിലും നിലപാട് മാറ്റിയിരിക്കുകയാണ് രാജേന്ദ്രന്‍. തനിക്കെതിരായ നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേന്ദ്രന്റെ പുതിയ തീരുമാനമെന്നാണ് സൂചന. പ്രധാനപ്പെട്ട സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കും എന്നായിരുന്നു രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന്‍ പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു.ദേവികുളം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കാള്‍ രാജേന്ദ്രന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നതാണ് ജില്ലാ നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. സമ്മേളനങ്ങളിലെല്ലാം രാജേന്ദ്രനെതിരെ എം എം മണി തുറന്നടിച്ചതെല്ലാം നടപടി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു.