റിയാദ് - പണം വെളുപ്പിക്കൽ കേസ് പ്രതികളായ ആറു പേരെ കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇവർക്ക് ആകെ 31 വർഷം തടവും 15.2 കോടിയിലേറെ റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. നിയമ വിരുദ്ധമായി വിദേശത്തേക്ക് കടത്തിയ തുകക്ക് തുല്യമായ തുകയാണ് പ്രതികൾക്ക് പിഴയായി വിധിച്ചത്.
അപ്‌ഹോൾസ്റ്ററി, പൂവിൽപന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളായ സൗദി പൗരന്മാരും വ്യാജ സ്ഥാപനങ്ങളും തങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ നിയമ വിരുദ്ധമായി പണം വിദേശത്തേക്ക് അയക്കുന്നതിനുള്ള മറകളായി ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുകയായിരുന്നെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തി. പ്രതിമാസം പതിനായിരം റിയാൽ തോതിൽ ഈടാക്കിയാണ് യഥാർഥത്തിൽ ഇല്ലാത്ത ബിസിനസ് ഇടപാടുകളുടെ പേരിൽ പണം വെളുപ്പിക്കൽ ഇടപാടുകൾക്ക് സൗദി പൗരന്മാർ വിദേശികൾക്ക് കൂട്ടുനിന്നത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം തടവു ശിക്ഷക്ക് തത്തുല്യമായ കാലത്തേക്ക് വിദേശ യാത്ര നടത്തുന്നതിൽ നിന്ന് സൗദി പൗരന്മാർക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പബ്ലിക് പ്രോസിക്യൂഷനും വാണിജ്യ മന്ത്രാലയവും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും സൗദി സെൻട്രൽ ബാങ്കും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, ധന സുരക്ഷക്ക് കോട്ടംതട്ടിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കാൻ കോടതികളിൽ സമർപ്പിക്കുന്ന കുറ്റപത്രങ്ങളിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.