റിയാദ്- ശക്തമായ മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് റിയാദ് പ്രവിശ്യാ സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഞായറാഴ്ച്ച വരെ കലുഷിതമായ കാലാവസ്ഥ നിലനിൽക്കുമെന്നതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽ ഹമ്മാദി അഭ്യർഥിച്ചു. മഴ സമയത്ത് റോഡുകളിലേക്ക് വാഹനം ഇറക്കാതിരിക്കുക, ഇലക്ട്രിക് കേബിളുകളിൽ നിന്ന് അകലം പാലിക്കുക, തുറസ്സായ സ്ഥലത്തും വൃക്ഷങ്ങൾക്ക് അരികിലും നിൽക്കാതിരിക്കുക, മിന്നലുണ്ടാകുമ്പോൾ മൊബൈൽ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും മേജർ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.