വാട്ടര്‍ മെട്രോയുടെ ആദ്യബോട്ടിന് പേര് മുസിരിസ്

കൊച്ചി- വാട്ടര്‍ മെട്രോക്ക് വേണ്ടി കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം.ആര്‍.എല്ലിനു കൈമാറി. ഷിപ് യാര്‍ഡിലെ ഷിപ്പ് ടെര്‍മിനലില്‍ ബോട്ടിനുള്ളില്‍ നടന്ന ചടങ്ങിലാണ് ബോട്ട് കൈമാറിയത്. ചടങ്ങില്‍ ബോട്ടിന് മുസിരിസ് എന്ന് നാമകരണം ചെയ്തു.

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 10 നോട്ടിക്കല്‍മൈല്‍ ആണ് വേഗം. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന് പുതുമയുമുണ്ട്. അഞ്ച് ബോട്ടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതും കൈമാറും.

വാട്ടര്‍ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു. വൈറ്റില, കാക്കനാട് ടെര്‍മിനലുകള്‍ ഏറെക്കുറെ തയാറായി കഴിഞ്ഞു. നിര്‍മാണവും ഡ്രെഡ്ജിംഗും പൂര്‍ത്തിയായി. ഫ്‌ളോട്ടിംഗ് ജട്ടികളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോടതി്, വൈപ്പിന്‍, ഏലൂര്‍, ചേരാനല്ലൂര്‍, ചിറ്റൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം അടുത്തവര്‍ഷം ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News