റിയാദ് - റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അടക്കമുള്ള സ്ഥാപനങ്ങൾ അടച്ച സ്ഥലങ്ങളിൽ ഹുക്ക വിതരണം ചെയ്യുന്നത് പബ്ലിക് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ പരിഷ്‌കരിച്ച പ്രോട്ടോകോൾ വിലക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ഹുക്ക വിതരണം ചെയ്യാൻ മാത്രമാണ് അനുമതിയുള്ളത്. മൊത്ത, ചില്ലറ മാർക്കറ്റുകൾക്കും ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും ബാധകമായ പ്രോട്ടോകോളുകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി പരിഷ്‌കരിച്ചിട്ടുണ്ട്.
തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്ന ആരോഗ്യനില അനുസരിച്ച് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കു മാത്രമേ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ എന്ന് പ്രോട്ടോകോളുകൾ ആവശ്യപ്പെടുന്നു. തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്നതു പ്രകാരം വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഇളവ് നൽകപ്പെട്ട വിഭാഗങ്ങളെ മാത്രമേ ഇതിൽ നിന്ന് ഒഴിവാക്കുകയുള്ളൂ.
ബാർകോഡ് സ്‌കാൻ ചെയ്ത് ഓട്ടോമാറ്റിക് രീതിയിൽ ആരോഗ്യനില ഉറപ്പുവരുത്തിയാണ് ഉപയോക്താക്കൾക്ക് സ്ഥാപനങ്ങൾക്കകത്തേക്ക് പ്രവേശനം നൽകേണ്ടത്. ആരോഗ്യനില ഓട്ടോമാറ്റിക് രീതിയിൽ പരിശോധിക്കുന്നതിനുള്ള പെർമിറ്റുമായി ബന്ധപ്പെട്ട പ്രത്യേക ബാർകോഡ് സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളിൽ പതിച്ചിരിക്കണം. സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പായി ഉപയോക്താക്കൾ ബാർകോഡ് സ്‌കാൻ ചെയ്യുന്നത് ഉറപ്പുവരുത്തുന്നത് നിരീക്ഷിക്കാൻ ജീവനക്കാരെ നിയോഗിക്കണമെന്നും പരിഷ്‌കരിച്ച പ്രോട്ടോകോളുകൾ ആവശ്യപ്പെടുന്നു. ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് ബാർകോഡ് വ്യവസ്ഥ ബാധകമല്ല.