കൊച്ചി- വടക്കന്‍ പറവൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ജിത്തു പിടിയിലായി. എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തിയത്. വിസ്മയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി നിമിഷങ്ങള്‍ക്കകം വീടിന്റെ പിന്‍വശത്തുകൂടി ഇളയ സഹോദരി ജിത്തു രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വീടിനുള്ളില്‍ രക്തക്കറയും പോലീസ് കണ്ടെത്തി. ഇതോടെയാണ് ജിത്തുവിനെ കേന്ദ്രീകരിച്ച് പറവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ചിട്ടും ജിത്തുവിനെ കണ്ടെത്താനാകാതെ വന്നതോടെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടതായി ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച ഒരു സൂചനയില്‍ നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിന്ന് ജിത്തുവിലെ പോലീസ് പിടികൂടിയത്.