പാലക്കാട്- മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. മകന്‍ അനുഭവിച്ച വേദന കൊലപാതകികളും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മോഷ്ടിച്ചതിനാണ് തല്ലുകയും കൊല്ലുകയും ചെയ്തതെങ്കില്‍ അതിന് ആര്‍ക്കും അധികാരം കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തല്ലിക്കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്ത് നടന്ന ഒരു മോഷണത്തില്‍ മധുവിന് പങ്കുണ്ടെന്ന് ഈയിടെയാണ് ആരോപിക്കപ്പെട്ടത്. ഏതാനും ദിവസങ്ങളായി കാണാതായിരുന്ന യുവാവിനെ ആള്‍കൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വെച്ച് പിടികൂടുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്തെ കടകളില്‍നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ് വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. മധുവിനെ മര്‍ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.