മഞ്ചേരി- ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അധികൃതരെ കബളിപ്പിച്ച് കടന്നുകൂടി രോഗികളെ പരിശോധിച്ച വ്യാജ ഡോക്ടർ പിടിയിലായി. കൊണ്ടോട്ടി വെളിമുക്ക് പറമ്പിൽപീടിക തട്ടാരിക്കൽ സനൂജ് (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആശുപത്രിയിലെത്തിയ ഇയാൾ കുട്ടികളുടെ വാർഡിലും അത്യാഹിത വിഭാഗത്തിലും പരിശോധിക്കാനിറങ്ങുകയായിരുന്നു.
ആർക്കും സംശയം തോന്നാത്ത വിധമായിരുന്നു പരിശോധന. വാർഡിൽ വെച്ച് കണ്ട ജീവനക്കാരനോട് താൻ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റാണെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാളുടെ തന്നെ നാട്ടുകാരായ സാന്ത്വനം വളണ്ടിയർമാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കള്ളി പൊളിഞ്ഞത്. വളണ്ടിയർമാർ ഉടനെ വിവരം ആംബുലൻസ് ഡ്രൈവറായ നൗഫലിനെ അറിയിച്ചു. നൗഫൽ ആശുപത്രി പരിസരത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരെ അറിയിക്കുകയും ചെയ്തു.
ഇതിനിടയിൽ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ സനൂജിനെ ഓട്ടോ ഡ്രൈവർമാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആശുപത്രി കോമ്പൗണ്ടിലെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച സനൂജിനെ മഞ്ചേരി പോലീസിന് കൈമാറി. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ നാട്ടിൽ വ്യാജ ഇൻഷൂറൻസ് ഏജന്റായി ചമഞ്ഞ് തട്ടിപ്പു നടത്തിയതായി നാട്ടുകാർ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് കേസെടുക്കാതെ വിട്ടയച്ചതായി ആരോപണമുണ്ട്.