കൊല്ലം- അധികാര തർക്കത്തിൽ കേരളാ കോൺഗ്രസ് ബിയിലെ പ്രതിസന്ധി രൂക്ഷമായതിനിടെ ആരോപണ പ്രത്യാരോപണങ്ങളുമായി അന്തരിച്ച ആർ. ബാലകൃഷ്ണയുടെ മക്കളായ ഉഷാ മോഹൻദാസും കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും രംഗത്ത്. താൻ ചെയർമാനായിരിക്കുന്ന കേരള കോൺഗ്രസിന് പുതിയ ഓഫീസും ശാഖയും തുറന്നില്ലെന്നും കേരളാ കോൺഗ്രസ് ബി കുടുംബ പാർട്ടിയല്ലെന്നും തന്നെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും ഗണേഷ് കുമാർ കോൺഗ്രസ് ബി പത്തനാപുരം നിയോരക മണ്ഡലം കൺവെൻഷനിൽ പറഞ്ഞു.
ഉഷാ മോഹൻദാസ് വിഭാഗം കൊച്ചിയിൽ യോഗം ചേർന്ന് ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പാർട്ടിയിലെ ആഭ്യന്തര കലാപത്തിൽ ഗണേശിന്റെ പ്രതികരണം. അപ്പക്കഷണം ആഗ്രഹിക്കുന്നവർക്ക് പാർട്ടി വിട്ട് പോകാം. കുടുംബ പാർട്ടിയല്ല കേരളാ കോൺഗ്രസ്. തന്റെ സ്വന്തക്കാർ ആരും പാർട്ടിയിൽ ഇല്ല. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നില്ലെന്നും നിയമപരമായി കേരളാ കൊൺഗ്രസ് ബി. ഒന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണെന്ന് രേഖാ മൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. പാർട്ടി വിട്ട് പോകേണ്ടവർക്ക് അതാകാം. നേതൃതലത്തിൽ തലമുറ മാറ്റമുണ്ടാകുമെന്നും ഗണേശ് കുമാർ പറഞ്ഞു. എന്നാൽ പാർട്ടി ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് വ്യക്തമാക്കി ഉഷാമോഹൻദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. നിലവിൽ പാർട്ടിയിലെ ബഹു ഭൂരീപക്ഷം ജില്ലാ പ്രസിഡന്റുമാരും ഉഷാ മോഹൻദാസിനൊപ്പമാണ്. എന്നാൽ കാര്യമായ വേരോട്ടമുള്ള കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതൃത്വം ഗണേശിനൊപ്പം ഉറച്ച് നിൽക്കുന്നു. കുടുംബ സ്വത്ത് വിഭജനത്തിലെ തർക്കങ്ങളാണ് ഏറ്റവുമൊടുവിൽ പാർട്ടിയിലെ കലാപത്തിന് വഴിവെച്ചത്. മരിക്കും മുമ്പ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ ഗണേഷ് കുമാർ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഉഷ രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉഷാ മോഹൻദാസ് സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ ഗണേഷ് കുമാറിന് ഇടം കിട്ടാതെ പോയതിനു പിന്നിൽ ഈ കത്തും കാരണമായി എന്ന് കരുതപ്പെടുന്നുണ്ട്. ഇടമലയാർ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയിരിക്കെ, 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണപിള്ളയ്ക്ക് പകരം കൊട്ടാരക്കര സീറ്റിൽ പരിഗണിച്ചിരുന്നതെന്ന് ഉഷാ മോഹൻദാസിനെ ആയിരുന്നു. എന്നാൽ ഈ തീരുമാനം ഗണേഷ് കുമാർ അട്ടിമറിച്ചതായി ഉഷാ മോഹൻദാസ് ആരോപിച്ചു.