മലപ്പുറം-വിദ്വേഷ - വർഗീയ പ്രചാരണങ്ങൾക്കെതിരെ സർക്കാരും പൊതുസമൂഹവും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ഒരുമയെ തകർക്കുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മഅദിൻ അക്കാദമി മലപ്പുറം സ്വലാത്ത് നഗിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും വിളനിലമാണ്. രാജ്യത്തെ മതേതരത്വവും സഹിഷ്ണുതയും ആഗോള തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ സമീപ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപാഹ്വാനങ്ങളും വംശഹത്യാ ഭീഷണിയും ഏറെ ആശങ്കയുയർത്തുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾ വ്യക്തിഹത്യയും വധ ഭീഷണിയും കൊലയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണ്. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള ഇത്തരം ശ്രമങ്ങൾ അപലപീനയമാണ്. അത്തരം മോശമായ പ്രവർത്തനങ്ങൾ നടത്തുന്നവരെ നയിക്കുന്നതു ആദർശ മൂല്യങ്ങളല്ല, മൃഗീയതയാണ്. അഭിപ്രായ ഭിന്നതകളുടെയും വ്യത്യസ്ത നിലപാടുകളുടെയും പേരിൽ ആർക്കെതിരെയും ഇത്തരം ശ്രമങ്ങൾ അനുവദിക്കാനാകില്ല. കൊലവിളി നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണം.
പുതുവർഷം ആത്മ പരിശോധനയുടേതും പുരോഗതിക്കായുള്ള പുതു പ്രതിജ്ഞകളുടേതുമാകണം. ഇതിനു പകരം അർഥമില്ലാത്ത ആഘോഷങ്ങളിൽ നിന്നു വിട്ടുനിൽക്കണം. ആഘോഷങ്ങളെ ലഹരിയിൽ മുക്കി സമൂഹത്തെ നിർജീവമാക്കാനുള്ള ഗൂഢ ശ്രമങ്ങൾ കാണാതിരുന്നു കൂടാ. ലഹരി ലഭ്യമാകുന്ന വഴികൾ അടച്ച് ഈ ആപത്തിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള കടമയിൽ നിന്നു സർക്കാർ ഒഴിഞ്ഞു മാറരുത്. വ്യക്തികളും കുടുംബങ്ങളും സാമൂഹ്യ സംഘടനകളും ലഹരി വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. .
സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദീൻ ജമലുല്ലൈലി തങ്ങൾ ചേളാരി, സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ, സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർ, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി തുടങ്ങിയവർ സംബന്ധിച്ചു.